വാഷിങ്ടൺ ഡി സി : ജനകീയ പ്രക്ഷോഭങ്ങൾ അടിച്ചമർത്തുന്ന ഇറാനെതിരെ കടുത്ത നടപടിയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനുമായി വ്യാപാരബന്ധം തുടരുന്ന രാജ്യങ്ങൾക്ക് 25% താരിഫ് ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഈ ഉത്തരവ് അന്തിമമായിരിക്കുമെന്നും ഉടനടി പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം അറിയിച്ചു.

ഇറാൻ ഭരണകൂടത്തിനെതിരായ ജനകീയ പ്രക്ഷോഭങ്ങൾ മൂന്നാം ആഴ്ചയിലേക്ക് കടന്നതോടെ, ഇതിനകം അഞ്ഞൂറിലധികം പേർ കൊല്ലപ്പെട്ടതായി യുഎസ് ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ് ന്യൂസ് ഏജൻസി അറിയിച്ചു. കൂടാതെ രാജ്യത്തുടനീളം പതിനായിരത്തിലധികം ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനിടെ പ്രതിഷേധങ്ങളുടെ അലയൊലികൾക്കിടയിൽ, അമേരിക്ക രാജ്യത്തെ ആക്രമിച്ചാൽ യുഎസ് സൈനികരെയും ഇസ്രയേലിനെയും ലക്ഷ്യം വയ്ക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
