മിസ്സിസാഗ : പീൽ മേഖലയിലുടനീളം നടന്ന വാഹനമോഷണക്കേസുമായി ബന്ധപ്പെട്ട് ഇന്ത്യൻ വംശജരായ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പീൽ പൊലീസ് അറിയിച്ചു. ബ്രാംപ്ടൺ നിവാസികളായ അമൃത്പാൽ ഖത്ര (28), ഗുർത്താസ് ഭുള്ളർ (33), മന്ദീപ് കൗർ (32) എന്നിവരാണ് അറസ്റ്റിലായത്. മൂവർക്കുമെതിരെ വാഹനമോഷണം അടക്കം നിരവധി കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

തുടർച്ചയായി കാറുകളും ട്രാക്ടർ-ട്രെയിലറുകളും മോഷണം പോകുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പീൽ പൊലീസിന്‍റെ കൊമേഴ്‌സ്യൽ ഓട്ടോ ക്രൈം ബ്യൂറോ ഡിസംബറിൽ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്‍റെ ഭാഗമായി വ്യാഴാഴ്ച, ബ്രാംപ്ടണിലെ ഒരു വീട്ടിൽ നടത്തിയ പരിശോധനയിൽ മോഷ്ടിച്ച മൂന്ന് വാഹനങ്ങൾ കണ്ടെത്തുകയും യുവതി അടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കണ്ടെത്തിയ വാഹനങ്ങളിൽ വ്യാജ ഒൻ്റാരിയോ ലൈസൻസ് പ്ലേറ്റുകൾ ഘടിപ്പിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. അമൃത്പാൽ ഖത്ര, ഗുർത്താസ് ഭുള്ളർ എന്നിവരെ ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ കസ്റ്റഡിയിൽ തുടരും. അതേസമയം മന്ദീപ് കൗറിനെ വ്യവസ്ഥകളോടെ വിട്ടയച്ചതായി പീൽ പൊലീസ് അറിയിച്ചു.
