Saturday, January 31, 2026

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഖത്തറിലെ വ്യോമതാവളത്തിൽ നിന്ന് യു.എസ് സൈനികരെ പിൻവലിക്കും

വാഷിങ്ടൺ: പശ്ചിമേഷ്യയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം യുദ്ധത്തിന്റെ വക്കിലെത്തിനിൽക്കെ, ഖത്തറിലെ പ്രധാന സൈനിക താവളമായ അൽ-ഉദൈദിൽ നിന്ന് യു.എസ് സൈനികരെ ഭാഗികമായി പിൻവലിച്ചു തുടങ്ങി. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഈ നീക്കമെന്ന് അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഖത്തറിലെ ദോഹയ്ക്ക് സമീപമുള്ള അൽ-ഉദൈദ് വ്യോമതാവളത്തിലെ സൈനികരോട് ബുധനാഴ്ച വൈകുന്നേരത്തോടെ താത്കാലികമായി മാറാനാണ്‌ നിർദ്ദേശം നൽകിയത്‌. കഴിഞ്ഞ വർഷം ജൂണിൽ ഇറാന്റെ മിസൈൽ ആക്രമണത്തിന് തൊട്ടുമുമ്പ് സ്വീകരിച്ചതിന് സമാനമായ നടപടിയാണിത്. പ്രതിഷേധക്കാരെ ഇറാൻ ഭരണകൂടം വധശിക്ഷയ്ക്ക് വിധേയമാക്കിയാൽ കടുത്ത സൈനിക നടപടിയുണ്ടാകുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ, തങ്ങൾ ആക്രമിക്കപ്പെട്ടാൽ മേഖലയിലെ എല്ലാ അമേരിക്കൻ സൈനിക താവളങ്ങളും തകർക്കുമെന്നും ഇറാൻ തിരിച്ചടിച്ചു. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അമേരിക്കൻ സൈനിക താവളമാണ് അൽ-ഉദൈദ്. ഏകദേശം 10,000 സൈനികരാണ് ഇവിടെയുള്ളത്. യു.എസ് വ്യോമസേനയുടെ പശ്ചിമേഷ്യയിലെ പ്രധാന നിയന്ത്രണ കേന്ദ്രം കൂടിയാണിത്.
മേഖലയിലെ നിലവിലെ പിരിമുറുക്കം കണക്കിലെടുത്താണ് സൈനിക വിന്യാസത്തിൽ മാറ്റം വരുത്തുന്നതെന്ന് ഖത്തർ സർക്കാർ അറിയിച്ചു.

തങ്ങളുടെ പൗരന്മാരുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷയ്ക്കാണ് മുൻഗണനയെന്നും ഖത്തർ വ്യക്തമാക്കി. സാമ്പത്തിക തകർച്ചയെത്തുടർന്ന് ഡിസംബർ അവസാന വാരം ആരംഭിച്ച പ്രക്ഷോഭം ഇറാനിൽ അതിരൂക്ഷമായി തുടരുകയാണ്. മനുഷ്യാവകാശ സംഘടനകളുടെ കണക്കനുസരിച്ച് ഇതുവരെ 2,400-ലധികം പ്രതിഷേധക്കാർ കൊല്ലപ്പെട്ടു. ഇതിൽ 12 കുട്ടികളും ഉൾപ്പെടുന്നു. 18,000-ത്തിലധികം ആളുകളെ ഇറാൻ സുരക്ഷാ സേന തടവിലാക്കിയിട്ടുണ്ട്. രാജ്യത്ത് ഇന്റർനെറ്റ് പൂർണ്ണമായും വിച്ഛേദിക്കപ്പെട്ടു. ഇതിനിടെ പിടിയിലായവർക്ക് വേഗത്തിൽ വിചാരണ നടത്തി വധശിക്ഷ നടപ്പാക്കാൻ ഇറാൻ നീതിന്യായ വിഭാഗം ഒരുങ്ങുന്നതാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്‌.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!