വാഷിങ്ടണ്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് വ്യാജവും അശ്ലീലവുമായ ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ അനുവദിച്ചതിനെത്തുടര്‍ന്ന് കടുത്ത വിമര്‍ശനം നേരിട്ട ‘ഗ്രോക്ക്’ എഐ ചാറ്റ്ബോട്ടിന് ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള ‘എക്സ്’ നിയന്ത്രണമേര്‍പ്പെടുത്തി. യഥാര്‍ത്ഥ വ്യക്തികളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത് അശ്ലീല ഉള്ളടക്കങ്ങള്‍ നിര്‍മ്മിക്കുന്നതിനെതിരെ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ശക്തമായ നിലപാട് സ്വീകരിച്ചതോടെയാണ് കമ്പനിയുടെ ഈ നടപടി. സ്ത്രീകളുടെയും കുട്ടികളുടെയും ഉള്‍പ്പെടെയുള്ള അശ്ലീല ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ എഐ ടൂള്‍ ഉപയോഗിക്കപ്പെടുന്നത് അതീവ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ആഗോളതലത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
യഥാര്‍ത്ഥ ആളുകളുടെ ഫോട്ടോകള്‍ നല്കിയാല് അവ എഡിറ്റ് ചെയ്ത് ബിക്കിനി പോലുള്ള വസ്ത്രങ്ങളിലേക്ക് മാറ്റുന്ന സാങ്കേതിക വിദ്യ ഗ്രോക്കില്‍ ലഭ്യമായിരുന്നു. സെലിബ്രിറ്റികള്‍ മുതല്‍ സാധാരണക്കാര്‍ വരെ ഇത്തരം മോര്‍ഫിംഗിന് ഇരയായതോടെയാണ് നിയമപരമായ നടപടികള്‍ ആരംഭിച്ചത്. ഇതിനെത്തുടര്‍ന്ന്, ഇത്തരം എഡിറ്റിംഗുകള്‍ തടയാനുള്ള പുതിയ സുരക്ഷാ സാങ്കേതിക വിദ്യ നടപ്പിലാക്കിയതായി കമ്പനി അറിയിച്ചു. നിലവില്‍ ഈ ഫീച്ചറിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും കൂടുതല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഗ്രോക്കിന്റെ ദുരുപയോഗം തടയാന്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് മലേഷ്യയും ഇന്തോനേഷ്യയും ഇതിനകം തന്നെ ഈ ടൂളിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടന്റെ മാധ്യമ നിയന്ത്രണ വിഭാഗമായ ഓഫ്കോം (Ofcom) വിഷയത്തില്‍ അന്വേഷണം ആരംഭിക്കുകയും ബ്രിട്ടനിലും വിലക്ക് വേണമെന്ന ആവശ്യം ശക്തമാകുകയും ചെയ്തിരുന്നു. കഴിഞ്ഞവര്‍ഷം ഡിസംബര്‍ അവസാനത്തോടെയാണ് വിവാദപരമായ ഈ ഫീച്ചര്‍ എക്സില്‍ എത്തിയത്. പ്ലാറ്റ്ഫോമിലെ സുരക്ഷാ വീഴ്ചകള്‍ വലിയ രീതിയിലുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് വഴിമാറുന്നു എന്ന കണ്ടെത്തലാണ് ഈ കടുത്ത തീരുമാനത്തിലേക്ക് കമ്പനിയെ നയിച്ചത്.
ഇന്ത്യന്‍ നിയമങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള അശ്ലീല ഉള്ളടക്കങ്ങള്‍ 72 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജനുവരി ആദ്യവാരം തന്നെ കേന്ദ്ര സര്‍ക്കാര്‍ എക്സിന് നോട്ടീസ് നല്‍കിയിരുന്നു. ഐടി നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അല്ലാത്തപക്ഷം കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്നും ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാനും എഐ ടൂളില്‍ മാറ്റങ്ങള്‍ വരുത്താനും എക്സ് തയ്യാറായത്.
