എഡ്മിന്റൻ : ആൽബർട്ട വിദ്യാഭ്യാസ മന്ത്രിക്കെതിരായ ‘റീകോൾ’ നീക്കം പരാജയത്തിലേക്കെന്ന് റിപ്പോർട്ട്. ഡെമെട്രിയോസ് നിക്കോളൈഡിസിനെ പദവിയിൽ നിന്ന് തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന ഒപ്പുശേഖരണം ലക്ഷ്യം കാണാതായതോടെയാണ് ‘റീകോൾ’ പ്രതിസന്ധിയിലായത്. മന്ത്രിയെ മാറ്റാൻ ആവശ്യമായ 16,006 ഒപ്പുകളിൽ ഏകദേശം 8,000 എണ്ണം മാത്രമേ ഇതുവരെ ശേഖരിക്കാൻ കഴിഞ്ഞിട്ടുള്ളൂ എന്ന് സംഘാടകയായ ജെനി യെറെമി അറിയിച്ചു. വോട്ടർമാരുടെ 60 ശതമാനം ഒപ്പുകൾ വേണമെന്ന കർശന വ്യവസ്ഥയാണ് ഈ നീക്കം പരാജയപ്പെടാൻ പ്രധാന കാരണം. ഒപ്പുകളുടെ എണ്ണം കുറവാണെങ്കിലും ജനങ്ങളുടെ പ്രതിഷേധം അറിയിക്കാൻ കഴിഞ്ഞത് വിജയമാണെന്ന് സംഘാടകർ അവകാശപ്പെട്ടു.

അതേസമയം, ഈ നീക്കം അടിസ്ഥാനരഹിതമാണെന്നും നയപരമായ വിയോജിപ്പുകൾ പരിഹരിക്കേണ്ടത് ഇത്തരം പ്രോഗ്രാമുകളിലൂടെയല്ലെന്നും മന്ത്രി നിക്കോളൈഡിസ് പ്രതികരിച്ചു. നിലവിൽ ആൽബർട്ടയിൽ പ്രീമിയർ ഡാനിയേൽ സ്മിത്ത് ഉൾപ്പെടെ 26 എംഎൽഎമാർക്കെതിരെ ഇത്തരം റീകോൾ പെറ്റീഷനുകൾ നടക്കുന്നുണ്ടെങ്കിലും ഭൂരിഭാഗവും പരാജയപ്പെടാനാണ് സാധ്യതയെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ആവശ്യമായ ഒപ്പുകൾ ശേഖരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇത്തരം നീക്കങ്ങൾ ഭാവിയിൽ എങ്ങനെ മുന്നോട്ട് പോകുമെന്നതും രാഷ്ട്രീയ രംഗത്തെ ആശങ്കയാണ്.
