മൺട്രിയോൾ : നഗരത്തിലെ ചരിത്രപ്രധാനമായ പഴയ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തെത്തുടർന്ന് ജാക്വസ്-കാർട്ടിയർ പാലം പൂർണ്ണമായും അടച്ചു. ചൊവ്വാഴ്ച രാത്രി 11:30-ഓടെ ഡി ലോറിമിയർ അവന്യൂവിലുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ആരംഭിച്ച തീ അതിവേഗം മുകളിലത്തെ നിലകളിലേക്ക് പടരുകയായിരുന്നു. കെട്ടിടം തകർന്നു വീഴാനുള്ള സാധ്യതയും പുകമൂലം കാഴ്ചമറയുന്നതും പരിഗണിച്ചാണ് നഗരത്തിലെ പ്രധാന ഗതാഗത മാർഗ്ഗമായ ഈ പാലം ഇരുദിശകളിലേക്കും അടയ്ക്കാൻ അധികൃതർ തീരുമാനിച്ചത്. ഏകദേശം നൂറ്റി ഇരുപതോളം അഗ്നിശമന സേനാംഗങ്ങൾ മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.

1910-ൽ നിർമ്മിച്ച കെട്ടിടം പ്രശസ്തമായ സോപ്പ് ഫാക്ടറിയായിരുന്നു. ജാക്വസ്-കാർട്ടിയർ പാലത്തിന്റെ നിർമ്മാണ വേളയിൽ കെട്ടിട ഉടമകൾ സ്ഥലം വിട്ടുനൽകാൻ വിസമ്മതിച്ചതിനാലാണ് പാലത്തിന് ഈ ഭാഗത്ത് ഒരു വളവ് നൽകേണ്ടി വന്നത് എന്നത് ഇതിന്റെ ചരിത്രപരമായ പ്രത്യേകതയാണ്. നിലവിൽ ആരും താമസിക്കാത്ത ഈ കെട്ടിടം പാർപ്പിട സമുച്ചയമായി വികസിപ്പിക്കാനുള്ള പദ്ധതികൾ നടന്നു വരികയായിരുന്നു. അപകടത്തിൽ ആർക്കും പരുക്കേറ്റതായി റിപ്പോർട്ടുകളില്ല. പാലം എപ്പോൾ തുറക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ലെങ്കിലും, സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം മാത്രമേ ഗതാഗതം പുനഃസ്ഥാപിക്കൂ.
