ഓട്ടവ: സാങ്കേതിക തകരാറിനെത്തുടർന്ന് കാനഡയിലെ വിവിധ ദേശീയ പാർക്കുകളിലേക്കുള്ള റിസർവേഷനുകൾ പാർക്സ് കാനഡ (Parks Canada) മാറ്റിവെച്ചു. വെബ്സൈറ്റിലുണ്ടായ സാങ്കേതിക തകരാർ കാരണം ബുധനാഴ്ച നടക്കേണ്ടിയിരുന്ന എല്ലാ ബുക്കിങ് നടപടികളും നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു. കാനഡ ഗവൺമെന്റിന്റെ മറ്റ് ചില സേവനങ്ങളെയും ഈ സാങ്കേതിക പ്രശ്നം ബാധിച്ചിട്ടുണ്ട്. എല്ലാവർക്കും തുല്യമായ അവസരം ഉറപ്പാക്കുന്നതിനാണ് റിസർവേഷനുകൾ മറ്റൊരു ദിവസത്തേക്ക് മാറ്റിയതെന്ന് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ചയിലും സമാനമായ രീതിയിൽ സാങ്കേതിക തടസ്സങ്ങൾ നേരിട്ടതിനെത്തുടർന്ന് ജനുവരി 16, 19 തീയതികളിലെ റിസർവേഷനുകൾ മാറ്റിയിരുന്നു. ബുധനാഴ്ച ആൽബർട്ടയിലെ വാട്ടർടൺ ലേക്സ് നാഷണൽ പാർക്ക്, എൽക് ഐലൻഡ് നാഷണൽ പാർക്ക്, റോക്കി മൗണ്ടൻ ഹൗസ് നാഷണൽ ഹിസ്റ്റോറിക് സൈറ്റ് എന്നിവിടങ്ങളിലേക്കുള്ള ബുക്കിങ്ങാണ് തുടങ്ങാനിരുന്നത്. കൂടാതെ കാനഡയിലെ ഏറ്റവും വലിയ ദേശീയ പാർക്കായ വുഡ് ബഫല്ലോയിലേക്കുള്ള റിസർവേഷനും തടസ്സപ്പെട്ടു. വേനൽക്കാലത്തെ തിരക്ക് കണക്കിലെടുത്ത് മാസങ്ങൾക്ക് മുൻപേ തുടങ്ങുന്ന ബുക്കിങ് സാധാരണയായി മണിക്കൂറുകൾക്കുള്ളിൽ തന്നെ പൂർത്തിയാകാറുണ്ട്.

അതേസമയം, വ്യാഴാഴ്ചയും വെള്ളിയാഴ്ചയും നടക്കേണ്ട റിസർവേഷനുകളിൽ നിലവിൽ മാറ്റമില്ലെന്ന് പാർക്സ് കാനഡ അറിയിച്ചു. ബ്രിട്ടിഷ് കൊളംബിയയിലെ യോഹോ നാഷണൽ പാർക്ക്, ബാൻഫ് നാഷണൽ പാർക്ക് എന്നിവിടങ്ങളിലേക്കുള്ള ബുക്കിങ് നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. വെബ്സൈറ്റിലെ പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പുതിയ റിസർവേഷൻ തീയതികൾ മുൻകൂട്ടി അറിയിക്കുമെന്നും അധികൃതർ അറിയിച്ചു.
