വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ തീരത്ത് 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി എർത്ത്‌ക്വേക്ക്‌സ് കാനഡ റിപ്പോർട്ട് ചെയ്തു. ഹൈദ ഗ്വായ് ദ്വീപസമൂഹത്തിന് സമീപം ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് ഭൂചലനം ഉണ്ടായത്. സുനാമി പ്രതീക്ഷിക്കുന്നില്ലെന്ന് ഏജൻസി അറിയിച്ചു. നാശനഷ്ടങ്ങളോ പരുക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. 20 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായതെന്ന് ഫെഡറൽ ഏജൻസിയിൽ നിന്നുള്ള ഡാറ്റ കാണിക്കുന്നു.

ഈ മേഖലയിൽ 3.5 നും 5.4 നും ഇടയിൽ തീവ്രതയിൽ ഭൂചലനങ്ങൾ പലപ്പോഴും അനുഭവപ്പെടാറുണ്ടെങ്കിലും നാശനഷ്ടങ്ങൾ അപൂർവ്വമാണെന്നും എർത്ത്‌ക്വേക്ക്‌സ് കാനഡ പറയുന്നു. ക്വീൻ ഷാർലറ്റ് പ്ലേറ്റ് അതിർത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്. തെക്കൻ ഹൈദ ഗ്വായ് മുതൽ തെക്കുകിഴക്കൻ അലാസ്ക വരെ നീളുന്ന ക്വീൻ ഷാർലറ്റ് പ്ലേറ്റ് അതിർത്തിയിൽ 1949 ൽ 8.1 തീവ്രതയിലും 2012 ൽ 7.8 തീവ്രതയിലും കാനഡയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ രണ്ട് ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
