വാഷിങ്ടണ്‍: ഗാസയുടെ പുനര്‍നിര്‍മ്മാണത്തിനായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ‘ബോര്‍ഡ് ഓഫ് പീസ്’ എന്ന സമിതിയിലേക്ക് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിക്ക് നല്‍കിയ ക്ഷണം പിന്‍വലിച്ച് ട്രംപ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറുപ്പിലാണ് കാനഡയെ ഒഴിവാക്കുന്നതായി ട്രംപ് അറിയിച്ചത്.
സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ നിന്ന് പ്രധാനമന്ത്രി കാര്‍ണി വിട്ടുനില്‍ക്കുകയും, ലോക സാമ്പത്തിക ഫോറത്തിൽ (WEF) യുഎസ് ട്രംപ് നടത്തിയ പരാമര്‍ശങ്ങളെ മാർക്ക് കാർണി വിമര്‍ശിക്കുകയും ചെയ്തതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. ദാവോസില്‍ നടന്ന സമിതിയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ കാര്‍ണി പങ്കെടുത്തിരുന്നില്ല. പകരം കെബെക് സിറ്റിയില്‍ നടന്ന ക്യാബിനറ്റ് യോഗത്തിലായിരുന്നു അദ്ദേഹം. കാനഡയുടെ ഈ നിലപാടില്‍ ട്രംപ് അതൃപ്തനായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകത്തെ ഏറ്റവും പ്രഗത്ഭരായ നേതാക്കള്‍ അണിനിരക്കുന്ന ഈ അഭിമാന സമിതിയിലേക്ക് കാനഡയെ ഇനി പരിഗണിക്കില്ലെന്ന് ട്രംപ് തന്റെ തുറന്ന കത്തില്‍ വ്യക്തമാക്കി.

അമേരിക്ക കാരണം മാത്രമാണ് കാനഡ നിലനിൽക്കുന്നത് എന്ന ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരെ മറുപടിയുമായി കാർണി രംഗത്ത് വന്നിരുന്നു. കാനഡയും അമേരിക്കയും തമ്മിൽ ശ്രദ്ധേയമായ പങ്കാളിത്തമുണ്ട്. എന്നാൽ അമേരിക്ക കാരണം മാത്രമല്ല കാനഡ ജീവിക്കുന്നത്. കാനഡ മുന്നേറുന്നത് ഞങ്ങൾ കാനഡക്കാരായതിനാലാണെന്നും കാർണി കെബെക് സിറ്റിയിൽ പുതിയ സഭാ സമ്മേളനത്തിന് മുന്നോടിയായി നടത്തിയ അഭിസംബോധനയിൽ വ്യക്തമാക്കി. ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ കാർണി നടത്തിയ പ്രസംഗത്തിന് പിന്നാലെയായിരുന്നു ഇത്.
സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ വച്ചാണ് ട്രംപ് ഈ പുതിയ പദ്ധതിക്ക് തുടക്കമിട്ടത്. ഗാസയിലെ യുദ്ധം തകര്‍ത്ത പ്രദേശങ്ങള്‍ പുനര്‍നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സമിതി രൂപീകരിച്ചിരിക്കുന്നത്. അന്‍പതോളം രാജ്യങ്ങള്‍ക്കാണ് ട്രംപ് ക്ഷണം അയച്ചിരിക്കുന്നത്. എന്നാല്‍ 19 രാജ്യങ്ങളാണ് ബോര്‍ഡ് ഓഫ് പീസില്‍ ഇതുവരെ ഒപ്പുവെച്ചത്. യുഎഇ, ഖത്തര്‍, സൗദി, പാക്കിസ്ഥാന്‍, ഇന്തോനേഷ്യ, അര്‍ജന്റീന, തുര്‍ക്കി, ബഹ്റൈന്‍ അടക്കമുള്ള രാജ്യങ്ങളാണ് ഇവ. അംഗത്വത്തിനായി ഒരു ബില്യന്‍ ഡോളര്‍ നല്‍കണമെന്നാണ് നിര്‍ദേശം.
ചൈന, റഷ്യ, ഫ്രാന്‍സ്, യുകെ എന്നീ യുഎന്‍ സുരക്ഷാ സമിതി സ്ഥിരാംഗങ്ങള്‍ ട്രംപിന്റെ നടപടിയോട് മുഖം തിരിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇന്ത്യയും ഇതുവരെ മറുപടി നല്‍കിയിട്ടില്ല.നിലവിലെ ലോകക്രമത്തിന് വെല്ലുവിളിയെന്ന് പരക്കെ വിമര്‍ശനവും ഉയരുന്നുണ്ട്. ഐക്യ രാഷ്ട്ര സഭയും ആശങ്ക പ്രകടിപ്പിക്കുന്നു. ‘ബോര്‍ഡ് ഓഫ് പീസ്’ സമിതിയില്‍ ചേരാനുള്ള ക്ഷണം നിരസിച്ച ഫ്രാന്‍സിനെതിരെ കടുത്ത ഭീഷണിയുമായി ട്രംപ് രംഗത്തു വന്നിരുന്നു. ഫ്രാന്‍സില്‍ നിന്നുള്ള വൈനിനും ഷാംപെയ്‌നും 200 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. സമാധാന സമിതിയില്‍ അംഗമാകില്ലെന്ന പാരീസിന്റെ നിലപാടില്‍ പ്രകോപിതനായാണ് ട്രംപ് വ്യാപാര യുദ്ധത്തിന് സമാനമായ നീക്കവുമായി രംഗത്തെത്തിയത്.
