ടൊറൻ്റോ : മയക്കുമരുന്ന് കള്ളക്കടത്ത് കേസിൽ വർഷങ്ങളായി ഒളിവിലായിരുന്ന മുൻ കനേഡിയൻ ഒളിംപിക്സ് സ്നോബോർഡർ റയാൻ വെഡിങ് അറസ്റ്റിലായതായി എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. യുഎസ്-മെക്സിക്കോ അതിർത്തിയിലൂടെ വൻതോതിൽ കൊക്കെയ്ൻ കടത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്ന രാജ്യാന്തര മയക്കുമരുന്ന് കടത്ത് സംഘടനയിൽ ഉൾപ്പെട്ടയാളാണ് 44 വയസ്സുള്ള റയാൻ വെഡിങ്. മെക്സിക്കോയിലെ കുപ്രസിദ്ധമായ സിനലോവ കാർട്ടലിന്റെ സംരക്ഷണയിലായിരുന്നു റയാൻ.

മെക്സിക്കോയിൽ നിന്നും ലൊസാഞ്ചലസിലേക്ക് പ്രതിവർഷം ഏകദേശം 60 മെട്രിക് ടൺ കൊക്കെയ്ൻ കടത്തുന്നതിന് ഇയാൾ മേൽനോട്ടം വഹിച്ചതായി അമേരിക്കൻ ഉദ്യോഗസ്ഥർ ആരോപിക്കുന്നു. മാർച്ചിൽ എഫ്ബിഐ വെഡിങിനെ പത്ത് മോസ്റ്റ് വാണ്ടഡ് പ്രതികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. കൂടാതെ റയാൻ വെഡിങിനെ അറസ്റ്റ് ചെയ്യുന്നതിനോ പ്രോസിക്യൂട്ട് ചെയ്യുന്നതിനോ ആവശ്യമായ വിവരം നൽകുന്നവർക്ക് ഒരു കോടി അമ്പത് ലക്ഷം ഡോളർ വാഗ്ദാനം ചെയ്തിരുന്നു.
