വൻകൂവർ : ബ്രിട്ടിഷ് കൊളംബിയയിലെ ബർണബിയിൽ നടന്ന വെടിവെപ്പിൽ ഇന്ത്യൻ വംശജൻ വെടിയേറ്റ് കൊല്ലപ്പെട്ടതായി റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് റിപ്പോർട്ട് ചെയ്തു. വൻകൂവർ സ്വദേശിയായ ദിൽരാജ് സിങ് ഗിൽ (28) ആണ് കൊല്ലപ്പെട്ടത്. ബിസിയിൽ നടന്നുകൊണ്ടിരിക്കുന്ന ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള സംഘർഷവുമായി കൊലപാതകത്തിന് ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

ജനുവരി 22-ന് വൈകിട്ട് അഞ്ചരയോടെ ബർണബി കാനഡ വേയിലെ 3700 ബ്ലോക്കിന് സമീപമാണ് വെടിവെപ്പ് നടന്നത്. സംഭവസ്ഥലത്ത് എത്തിയ അന്വേഷണ ഉദ്യോഗസ്ഥർ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ ദിൽരാജിബിനെ കണ്ടെത്തി. ഇയാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. കൊലപാതകം നടന്ന് തൊട്ടുപിന്നാലെ സംഭവസ്ഥലത്തുനിന്ന് ഏതാനും കിലോമീറ്ററുകൾ അകലെയുള്ള ബക്സ്റ്റൺ സ്ട്രീറ്റിലെ 5000 ബ്ലോക്കിൽ ഒരു വാഹനം പൂർണ്ണമായി കത്തിനശിച്ചനിലയിൽ കണ്ടെത്തി. ഈ രണ്ടു സംഭവങ്ങൾക്കും ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കൈവശമുള്ളവരും വെടിവെപ്പിന് ദൃക്‌സാക്ഷികളായവരും അന്വേഷണവുമായി സഹകരിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു. സംഭവത്തിൽ ഇന്‍റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീം (ഐഎച്ച്ഐടി) അന്വേഷണം ആരംഭിച്ചു.
