ഹാലിഫാക്സ്: ഹാലിഫാക്സ് മേഖലയിൽ കനത്ത മഞ്ഞുവീഴ്ച തുടരുന്ന സാഹചര്യത്തിൽ രാത്രികാല പാർക്കിങ് നിരോധനം രണ്ടാം ദിവസവും തുടരും. ചൊവ്വാഴ്ച രാവിലെ വരെ മഞ്ഞുവീഴ്ച തുടരുമെന്ന പ്രവചനത്തെ തുടർന്നാണ് ഹാലിഫാക്സ് റീജിനൽ മുനിസിപ്പാലിറ്റിയുടെ ഈ നടപടി. മഞ്ഞ് നീക്കം ചെയ്യുന്ന പ്രവൃത്തികൾ സുഗമമാക്കുന്നതിനായി പുലർച്ചെ 1 മണി മുതൽ 6 മണി വരെ തെരുവുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.

നിശ്ചിത സമയങ്ങളിൽ വാഹനങ്ങൾ മുനിസിപ്പൽ തെരുവുകളിൽ നിന്ന് മാറ്റിയിടണമെന്ന് അധികൃതർ പറയുന്നു. രാത്രിയിലെ ശൈത്യകാല പാർക്കിങ് നിരോധനം നിലവിലുണ്ടെങ്കിലും ഇല്ലെങ്കിലും, മഞ്ഞ് നീക്കം ചെയ്യുന്നതിന് തടസ്സമാകുന്ന രീതിയിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റീജിനൽ മോട്ടോർ വെഹിക്കിൾ ആക്റ്റ് പ്രകാരം നീക്കം ചെയ്യുമെന്നും പിഴ ഈടാക്കുമെന്നും ഹാലിഫാക്സ് റീജിനൽ മുനിസിപ്പാലിറ്റി അറിയിച്ചു.
