ഫിലഡൽഫിയ : പ്രവാസികളെ കേരളത്തിലെ വികസന പ്രവർത്തനങ്ങളുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ ലോക കേരള സഭയുടെ അഞ്ചാമത് സമ്മേളനത്തിലേക്ക് അമേരിക്കയിൽ നിന്നും സോണി അമ്പൂക്കനെ തിരഞ്ഞെടുത്തു. ജനുവരി 29, 30, 31 തീയതികളിൽ കേരള നിയമസഭാ മന്ദിരത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

സംഘടനാരംഗത്തും ടെക്നോളജി രംഗത്തും ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച സോണി അമ്പൂക്കൻ രണ്ടാം പ്രാവശ്യമാണ് ലോക കേരള സഭ അംഗമാകുന്നത്. കേരള അസോസിയേഷൻ ഓഫ് കനറ്റികട്ടിന്‍റെ (കെഎ സിടി) പ്രവർത്തകനാണ്. ഫൊക്കാന നാഷനൽ കമ്മിറ്റി അംഗവും അഡിഷനൽ അസോസിയേറ്റ് ട്രഷററുമായിരുന്നു. ഫൊക്കാന മലയാളം അക്കാദമി കമ്മിറ്റി അംഗവും ‘അക്ഷര ജ്വാല’ പരിപാടിയുടെ കോഓര്‍ഡിനേറ്റര്‍മാരിൽ ഒരാളുമായും പ്രവർത്തിച്ചിട്ടുണ്ട്.

തൃശൂരിലെ പ്രശസ്തമായ അമ്പൂക്കൻ കുടുംബാംഗമായ സോണി, മാളക്കടുത്ത് പുത്തൻചിറ സ്വദേശിയാണ്. തൃശൂർ എൻജിനീയറിങ് കോളജിൽ നിന്ന് ബി.ടെക് ബിരുദം നേടിയ സോണി എൻഐടി സൂററ്റ്‌കലിൽ നിന്നും എം ടെക്ക് നേടി. അമേരിക്കയിലെ വിവിധ നഗരങ്ങളിൽ ഐടി മാനേജ്‌മെൻ്റ് – ലീഡർഷിപ്പ് തലങ്ങളിൽ ദീർഘകാലമായി തിളങ്ങി വരുന്ന മികച്ച ഐടി പ്രഫഷനൽ ആണ്. 2008 മുതൽ കനറ്റികട്ടിൽ സ്ഥിരതാമസമാക്കി. ഇതിനിടെ യൂണിവേഴ്സിറ്റി ഓഫ് ഹാർട്ട്ഫോഡിൽ നിന്ന് എംബിഎ, എംഐടി സ്ലോൺ മാനേജ്‌മെൻ്റിൽ നിന്ന് എക്സിക്യൂട്ടീവ് എജ്യുക്കേഷൻ എന്നീ ബിരുദങ്ങളും കരസ്ഥമാക്കി. ഫിലിപ്പോസ് തോമസ് നേതൃത്വം നൽകുന്ന ഫൊക്കാനയുടെ ടീം ഇന്‍റെഗ്രിറ്റി പനലിൽ 2026-28 കാലഘട്ടത്തിലേക്ക് അസോസിയേറ്റ് സെക്രട്ടറിയായി സോണി അമ്പൂക്കൻ മത്സരിക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ “ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്” എന്ന പുസ്തകത്തിന് ഫൊക്കാന (FOKANA) നൽകുന്ന സുകുമാർ അഴിക്കോട് പുരസ്കാരം ലഭിച്ചിട്ടുണ്ട്.
