എഡ്മിന്‍റൻ : കാനഡയിൽ നിന്ന് വേർപെട്ട് സ്വതന്ത്ര രാജ്യമാകണമെന്ന ആവശ്യം ആൽബർട്ടയിൽ ശക്തമാകുന്നു. ഇതുമായി ബന്ധപ്പെട്ട് റഫറണ്ടം നടത്തണമെന്നാവശ്യപ്പെട്ട് ആരംഭിച്ച ഒപ്പുശേഖരണ പരിപാടികളിൽ ആയിരങ്ങൾ പങ്കെടുക്കുന്നുണ്ട്. ‘സ്റ്റേ ഫ്രീ ആൽബർട്ട’ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഒപ്പുശേഖരണം നടക്കുന്നത്.

ആൽബർട്ടയുടെ വരുമാനം മറ്റ് പ്രവിശ്യകൾക്കായി വിനിയോഗിക്കുന്ന ‘ഫെഡറൽ ഇക്വലൈസേഷൻ’ പദ്ധതിക്കെതിരെ ജനങ്ങൾക്കിടയിലുയരുന്ന പ്രതിഷേധമാണ് വേർപിരിയൽ വാദത്തിന് വളമേകുന്നത്. ആൽബർട്ടയുടെ വിഭവങ്ങളും വരുമാനവും പ്രവിശ്യയുടെ വളർച്ചയ്ക്കായി ഉപയോഗിക്കണമെന്നും ഫെഡറൽ സർക്കാർ പ്രവിശ്യയെ അവഗണിക്കുകയാണെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു. മൂന്നാഴ്ച മുമ്പാണ് ഒപ്പുശേഖരണത്തിന് ചീഫ് ഇലക്ടറൽ ഓഫീസർ ഓഫ് ആൽബർട്ട ഔദ്യോഗിക അനുമതി നൽകിയത്. മെയ് മാസത്തിനുള്ളിൽ ഏകദേശം 1.78 ലക്ഷം ഒപ്പുകൾ ശേഖരിക്കാനാണ് സംഘടന ലക്ഷ്യമിടുന്നത്. നിലവിലെ ജനപിന്തുണ തുടർന്നാൽ നിശ്ചിത സമയത്തിനുള്ളിൽ തന്നെ ലക്ഷ്യം കാണാൻ കഴിയുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
