മൺട്രിയോൾ: നഗരത്തിലേ റോഡുകളിലെയും നടപ്പാതകളിലെയും മഞ്ഞുനീക്കം ചെയ്യുന്ന യതന്ത്രങ്ങളിൽ 25 ശതമാനത്തോളം പ്രവർത്തനരഹിതമാണെന്ന് മൺട്രിയോൾ മേയർ സൊറായ മാർട്ടിനസ് ഫെറാഡ. സിറ്റിയുടെ കൈവശമുള്ള 1,285 ഉപകരണങ്ങളിൽ മുന്നൂറിലധികവും അതീവ മോശം അവസ്ഥയിലാണെന്നാണ് ടിവിഎ ന്യൂസ് പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.

നഗരത്തിലെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് മുമ്പ് പ്രശ്നത്തിന്റെ ആഴം മനസ്സിലാക്കേണ്ടതുണ്ടെന്നും അടുത്ത ശൈത്യകാലത്തോടെ ഈ പോരായ്മകൾ പരിഹരിക്കാനാകുമെന്നും മേയർ പറഞ്ഞു. മഞ്ഞുനീക്കം ചെയ്യുന്ന പ്രവർത്തനങ്ങളിൽ ജനങ്ങൾ ക്ഷമ പാലിക്കണമെന്നും വലിയൊരു നഗരമെന്ന നിലയിൽ വെല്ലുവിളികൾ ഏറെയാണെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, മുൻ സർക്കാർ മഞ്ഞുനീക്കൽ യന്ത്രങ്ങൾക്കായി 4.5 കോടി ഡോളർ അനുവദിച്ചിരുന്ന സ്ഥാനത്ത് പുതിയ ‘എൻസെംബിൾ മൺട്രിയോൾ’ ഭരണകൂടം അത് 1.8 കോടി ഡോളറായി കുറച്ചത് വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. എന്നാൽ ഭവനരഹിതർക്കുള്ള സഹായം തുടങ്ങിയ അത്യാവശ്യ സേവനങ്ങൾക്ക് മുൻഗണന നൽകുന്നതിനാലാണ് ബജറ്റിൽ ഇത്തരമൊരു മാറ്റം വരുത്തിയതെന്നാണ് മേയറുടെ വിശദീകരണം.
