ഓട്ടവ: കാനഡയുടെ വ്യവസായ മേഖലയ്ക്ക് വൻ കരുത്തുപകരുന്ന പുതിയ പദ്ധതിയുമായി ദക്ഷിണ കൊറിയ രംഗത്ത്. കാനഡയിൽ ഇലക്ട്രിക് വാഹനങ്ങളും ബാറ്ററികളും നിർമ്മിക്കുന്നതിനുള്ള ചർച്ചകൾക്കായി ഇരുരാജ്യങ്ങളും തമ്മിൽ പുതിയ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. അധികം താമസിയാതെ ഹ്യുണ്ടായ് പോലുള്ള പ്രമുഖ കൊറിയൻ കമ്പനികൾ കാനഡയിൽ വാഹന നിർമ്മാണ പ്ലാന്റുകൾ തുടങ്ങുമെന്നാണ് സൂചന. ഈ പദ്ധതി നടപ്പിലാകുന്നതോടെ കാനഡയിൽ ഏകദേശം 15,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്. കാനഡയുടെ പ്രതിരോധ മേഖലയ്ക്കായി 12 പുതിയ അന്തർവാഹിനികൾ നിർമ്മിക്കാനുള്ള വലിയ കരാർ കൊണ്ടു വരുന്നതിനുള്ള ദക്ഷിണ കൊറിയയുടെ ശ്രമങ്ങളുടെ ഭാഗം കൂടിയാണ് ഈ നീക്കം.

വാഹന നിർമ്മാണത്തിന് പുറമെ സ്റ്റീൽ, അലമിനിയം മേഖലകളിലും വൻ നിക്ഷേപത്തിന് കൊറിയൻ കമ്പനികൾ തയ്യാറെടുക്കുന്നുണ്ട്. കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയും ദക്ഷിണ കൊറിയൻ പ്രതിനിധികളും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ സുപ്രധാന തീരുമാനങ്ങൾ ഉണ്ടായത്. വരും മാസങ്ങളിൽ ഇത് സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടും.
