Saturday, January 31, 2026

പിയേർ പൊളിയേവിന്‌ നേതൃത്വ പരിശോധന വെള്ളിയാഴ്‌ച; ജനപ്രീതിയിൽ ഇടിവുണ്ടായെന്ന്‌ സർവ്വേകൾ

കാൽഗറി: കൺസർവേറ്റീവ് പാർട്ടിയിൽ നിർണ്ണായകമായ നേതൃത്വപരിശോധന വെള്ളിയാഴ്ച നടക്കും. കാൽഗറിയിൽ നടക്കുന്ന കൺസർവേറ്റീവ് കൺവെൻഷനിൽ പൊളിയേവ്‌ തുടരണമോ എന്നറിയാൻ പാർട്ടി പ്രതിനിധികൾ വോട്ട് ചെയ്യും. പാർട്ടി നേതാവ് കൂടിയായ പൊളിയേവിന്‌ തൻ്റെ പദവി നിലനിറുത്താൻ ഈ വോട്ടെടുപ്പ് വളരെ നിർണായകമാണ്‌. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ നടന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടിയോട് പരാജയപ്പെട്ടതുമായി ബന്ധപ്പെട്ടാണ്‌ പാർട്ടി ഭരണഘടന അനുസരിച്ചുള്ള പരിശോധന. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പൊളിയേവിൻ്റെ ജനപ്രീതിയിൽ വലിയ ഇടിവുണ്ടായതായി സർവ്വേകൾ വ്യക്തമാക്കിയിരുന്നു. അതേ സമയം പ്രധാനമന്ത്രി മാർക്ക് കാർണി അന്താരാഷ്ട്ര തലത്തിൽ, പ്രത്യേകിച്ച് ദാവോസിൽ നടന്ന വേൾഡ്‌ ഇക്കണോമിക്‌ ഫോറത്തിൽ നടത്തിയ പ്രസംഗത്തിലൂടെ ജനപിന്തുണ വർദ്ധിപ്പിച്ചത് കൺസർവേറ്റീവുകൾക്ക് വൻ തിരിച്ചടിയാണ്‌. പുതിയ പോളിംഗ് കണക്കുകൾ പ്രകാരം ലിബറൽ പാർട്ടി 47 ശതമാനം പിന്തുണയുമായി മുന്നിലാണ്. യു.എസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ നയങ്ങളോട് കാനഡ എങ്ങനെ പ്രതികരിക്കണം എന്ന കാര്യത്തിൽ വ്യക്തമായ നിലപാട് സ്വീകരിക്കാൻ പൊളിയേവിന്‌ സാധിക്കുന്നില്ലെന്ന് വിമർശനമുണ്ട്.

പൊതുജന മധ്യത്തിൽ പ്രതിച്ഛായ മങ്ങിയെങ്കിലും കൺസർവേറ്റീവ് പാർട്ടിക്കുള്ളിൽ പൊളിയേവിന്‌ ഇപ്പോഴും ശക്തമായ പിന്തുണയുണ്ട്. ഇന്നത്തെ വോട്ടെടുപ്പിൽ 80 ശതമാനത്തിലധികം വോട്ട് നേടി വിജയിക്കാനാകുമെന്നാണ് അദ്ദേഹത്തിന്റെ അനുയായികളുടെ പ്രതീക്ഷ. വെല്ലുവിളികൾക്കിടയിലും കഴിഞ്ഞ വർഷം 4.8 കോടി ഡോളർ സമാഹരിച്ചുകൊണ്ട് പാർട്ടി പുതിയ റെക്കോർഡ് കുറിച്ചിരുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്വന്തം മണ്ഡലത്തിൽ പരാജയപ്പെട്ട പിയേർ പൊളിയേവ്‌ സുരക്ഷിതമായ മറ്റൊരു മണ്ഡലത്തിലൂടെയാണ്‌ പാർലമെൻ്റിലെത്തിയത്‌. വോട്ടെടുപ്പിൽ വിജയിച്ചാലും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മിതവാദികളായ വോട്ടർമാരെ ആകർഷിക്കാൻ പൊളിയേവിന്‌ തന്റെ കടുത്ത നിലപാടുകളിൽ മാറ്റം വരുത്തേണ്ടി വരുമെന്ന്‌ രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!