സെന്റ് ജോൺസ് : ശക്തമായ വെള്ളപ്പൊക്കത്തെത്തുടർന്ന് ന്യൂഫിൻലൻഡിലെ ബാഡ്ജർ ടൗണിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നിരവധി പ്രദേശങ്ങളിൽ നിന്ന് ജനങ്ങളോട് ഒഴിഞ്ഞുപോകുവാനും ഉത്തരവിട്ടിട്ടുണ്ട്. എക്സ്പ്ലോയിറ്റ്സ് നദിയിലെയും ബാഡ്ജർ ബ്രൂക്കിലെയും ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നതിനെത്തുടർന്നാണ് വ്യാഴാഴ്ച രാത്രിയോടെ അടിയന്തര ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചത്. നിലവിൽ ജലനിരപ്പ് കുറഞ്ഞുതുടങ്ങുന്നുണ്ടെങ്കിലും സുരക്ഷ മുൻനിർത്തി ബിയോത്തുക് സ്ട്രീറ്റ്, മെയിൻ സ്ട്രീറ്റ്, റിവർ റോഡ് തുടങ്ങി പ്രധാന മേഖലകളിലെ താമസക്കാരോട് ഉടൻ മാറാൻ മേയർ ഡെന്നിസ് ബട്ട് നിർദ്ദേശിച്ചു.

പ്രദേശത്തെ സാഹചര്യം നിരീക്ഷിക്കുന്നതിനായി രണ്ടാം ഘട്ട ജാഗ്രത പ്രഖ്യാപിച്ചതായി പ്രവിശ്യാ എമർജൻസി ഓപ്പറേഷൻസ് സെന്റർ അറിയിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ വിവിധ ദുരന്തനിവാരണ ഏജൻസികളെ സജ്ജമാക്കിയിട്ടുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. മുൻകരുതൽ നടപടികളുടെ ഭാഗമായി നിശ്ചിത വീട്ടുനമ്പറുകൾ ഉൾപ്പെടെയുള്ള കൃത്യമായ പട്ടിക അധികൃതർ പുറത്തുവിട്ടിട്ടുണ്ട്.
