ഓട്ടവ: കാനഡയിലെയും അമേരിക്കയിലെയും വിപണികളിൽ നിന്ന് തങ്ങളുടെ ഫ്രോസൺ ജ്യൂസ് ക്യാനുകൾ പിൻവലിക്കാൻ തീരുമാനിച്ച് മിനിറ്റ് മെയ്ഡിന്റെ മാതൃകമ്പനിയായ കൊക്കക്കോള. കാനഡയിലെ ‘ഫ്രോസൺ കാൻ’ വിഭാഗത്തിൽ നിന്നുള്ള പ്രവർത്തനം പൂർണ്ണമായും അവസാനിപ്പിക്കുകയാണെന്ന് കമ്പനി അറിയിച്ചു. ഉപഭോക്താക്കളുടെ താൽപ്പര്യങ്ങളിൽ വന്ന മാറ്റമാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് കമ്പനിയുടെ വിശദീകരണം.

വെള്ളം ചേർത്ത് തയ്യാറാക്കാവുന്ന ഈ ജ്യൂസ് കോൺസെൻട്രേറ്റുകൾ ഈ വർഷത്തോടെ കടകളിൽ നിന്ന് പിൻവലിക്കും. നിലവിൽ സ്റ്റോറുകളിൽ ബാക്കിയുള്ള ഉൽപ്പന്നങ്ങൾ വിറ്റുതീരുന്നത് വരെ മാത്രമേ ഉപഭോക്താക്കൾക്ക് ഇവ വാങ്ങാൻ സാധിക്കുവെന്ന് കണ്പനി വ്യക്തമാക്കി. മറ്റ് ജ്യൂസ് ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ കൂടുതൽ പ്രചാരം ലഭിക്കുന്നതിനാലാണ് ഉൽപ്പാദന മുൻഗണനകളിൽ മാറ്റം വരുത്തുന്നതെന്ന് കമ്പനി വ്യക്തമാക്കി. പതിറ്റാണ്ടുകളായി കാനഡയിലെ വീടുകളിൽ ഉപയോഗിച്ചിരുന്ന ഈ ഉൽപ്പന്നം വിപണി സാഹചര്യങ്ങൾ മാറിയതോടെയാണ് നിർത്തലാക്കുന്നത്. ഇതോടെ ഈ വിഭാഗത്തിൽ നിന്നുള്ള മിനിറ്റ് മെയ്ഡിന്റെ സാന്നിധ്യം അവസാനിക്കും.
