Saturday, January 31, 2026

മൂന്ന് ദശലക്ഷം പേജുകളും 1.8 ലക്ഷം ചിത്രങ്ങളും; വീണ്ടും എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്

വാഷിങ്ടണ്‍: അന്തരിച്ച കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിന് പുതിയ രേഖകള്‍ യുഎസ് നീതിന്യായ വകുപ്പ് പരസ്യപ്പെടുത്തി. കഴിഞ്ഞ വര്‍ഷം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പിട്ട നിയമത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന ഈ രേഖാ വെളിപ്പെടുത്തല്‍, എപ്സ്റ്റീന്‍ കേസിലെ ഇതുവരെയുള്ള ഏറ്റവും വലിയ വിവരശേഖരമാണ്. ഏകദേശം മൂന്ന് ദശലക്ഷം പേജുകള്‍, 1.8 ലക്ഷം ചിത്രങ്ങള്‍, 2,000 വീഡിയോകള്‍ എന്നിവയടങ്ങിയ ബൃഹത്തായ ശേഖരമാണ് ഔദ്യോഗിക വെബ്സൈറ്റിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയത്. അമേരിക്കന്‍ ജനതയ്ക്ക് സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനുള്ള നടപടിയുടെ അവസാനഘട്ടമാണിതെന്ന് ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ ടോഡ് ബ്ലാഞ്ച് വ്യക്തമാക്കി.

പുറത്തുവിട്ട രേഖകളില്‍ ഏറ്റവും ശ്രദ്ധേയം മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സിനെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. എപ്സ്റ്റീന്‍ ഗേറ്റ്സിനെ ലക്ഷ്യം വച്ച് എഴുതിയ ഇമെയിലുകളിലാണ് ഈ പരാമര്‍ശങ്ങളുള്ളത്. റഷ്യന്‍ സ്ത്രീകളുമായുള്ള ലൈംഗികബന്ധത്തെത്തുടര്‍ന്ന് ഗേറ്റ്സിന് ഗുരുതരമായ ലൈംഗികരോഗം പിടിപെട്ടുവെന്നും, ഇക്കാര്യം അന്നത്തെ ഭാര്യ മെലിന്‍ഡയില്‍ നിന്ന് അദ്ദേഹം മറച്ചുവെച്ചുവെന്നും മെയിലുകള്‍ സൂചിപ്പിക്കുന്നു. ഈ വിവരം പുറത്തായല്‍ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചും, വിവാഹമോചനത്തിലേക്ക് നീങ്ങിയാല്‍ സംഭവിക്കാവുന്ന കോടികളുടെ സാമ്പത്തിക നഷ്ടത്തെക്കുറിച്ചും എപ്സ്റ്റീന്‍ സൂചിപ്പിച്ചിട്ടുണ്ട്. ഉന്നത വ്യക്തികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ എപ്സ്റ്റീന്‍ ഇത്തരം വിവരങ്ങള്‍ ഉപയോഗിച്ചിരുന്നോ എന്ന സംശയം ഇത് ബലപ്പെടുത്തുന്നു.

എപ്സ്റ്റീന്റെ ജയില്‍വാസ കാലത്തെ വിശദാംശങ്ങള്‍, അദ്ദേഹത്തിന്റെ മനഃശാസ്ത്ര റിപ്പോര്‍ട്ടുകള്‍, 2019 ഓഗസ്റ്റിലെ ദുരൂഹമരണവുമായി ബന്ധപ്പെട്ട ഫയലുകള്‍ എന്നിവയും ഈ ശേഖരത്തിലുണ്ട്. കൂടാതെ, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികക്കടത്തിന് ഇരയാക്കാന്‍ സഹായിച്ച കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഗിസ്ലെയ്ന്‍ മാക്‌സ്വല്ലിനെതിരെയുള്ള അന്വേഷണ രേഖകളും ഇതില്‍ ഉള്‍പ്പെടുന്നു. എപ്സ്റ്റീനും ലോകത്തിലെ വിവിധ ഉന്നത വ്യക്തികളും തമ്മില്‍ ഒരു പതിറ്റാണ്ടിലധികം കാലം നടത്തിയ ഇമെയില്‍ ആശയവിനിമയങ്ങളും ഇപ്പോള്‍ പുറത്തുവന്നവയില്‍ പെടുന്നു.

2008-ല്‍ ഫ്‌ലോറിഡയിലെ ലൈംഗിക കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ട എപ്സ്റ്റീന്‍, പിന്നീട് 2019-ല്‍ വ്യാപകമായ ലൈംഗികക്കടത്ത് കേസില്‍ വിചാരണ നേരിടാനിരിക്കെയാണ് ജയിലില്‍ മരിച്ചത്. അന്ന് ആത്മഹത്യയെന്ന് വിധിക്കപ്പെട്ട മരണം വലിയ വിവാദങ്ങള്‍ക്ക് വഴിമാറിയിരുന്നു. പുതിയ രേഖകളുടെ വെളിപ്പെടുത്തല്‍ പഴയ വിവാദങ്ങളെ വീണ്ടും സജീവമാക്കുമെന്നും പല പ്രമുഖരുടെയും പങ്ക് കൂടുതല്‍ വ്യക്തമാക്കുമെന്നുമാണ് നിരീക്ഷകര്‍ കരുതുന്നത്. നിയമപ്രകാരം നിശ്ചയിച്ച സമയപരിധി കഴിഞ്ഞ് ആറാഴ്ചകള്‍ക്ക് ശേഷമാണ് ഈ സുപ്രധാന ഫയലുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!