Saturday, January 31, 2026

വിദേശരാജ്യങ്ങൾക്ക് മുന്നിൽ സഹായത്തിനായി കൈനീട്ടുന്നത് നാണക്കേട്; അങ്ങേയറ്റം ലജ്ജിക്കുന്നതായി പാക്ക്‌ പ്രധാനമന്ത്രി

ഇസ്ലാമാബാദ്: വിദേശരാജ്യങ്ങളിൽ നിന്നും അന്താരാഷ്ട്ര ഏജൻസികളിൽ നിന്നും കടം വാങ്ങുന്നതിനായി കൈനീട്ടേണ്ടി വരുന്നത് രാജ്യത്തിനും അതിന്റെ നേതൃത്വത്തിനും വലിയ നാണക്കേടാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ്‌ ഷെരീഫ്. പാകിസ്ഥാന്റെ വിട്ടുമാറാത്ത കടബാധ്യതയെയും സാമ്പത്തിക പരാശ്രയത്വത്തെയും കുറിച്ച് ഒരു ബിസിനസ്സ് സംഗമത്തിൽ സംസാരിക്കവെയാണ് അങ്ങേയറ്റം ലജ്ജിക്കുന്നതായി വെളിപ്പെടുത്തിയത്‌. ഫീൽഡ് മാർഷൽ അസിം മുനീറും താനും ലോകമെമ്പാടും പോയ പണത്തിനായി യാചിക്കുമ്പോൾ വലിയ ലജ്ജ തോന്നുന്നു. വായ്പ എടുക്കുന്നത് നമ്മുടെ ആത്മാഭിമാനത്തിന് വലിയ ഭാരമാണ് എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്‌. വായ്പ നൽകുന്നവർ മുന്നോട്ടുവെക്കുന്ന അനാവശ്യ ഡിമാൻഡുകൾ പോലും അംഗീകരിക്കാൻ രാജ്യം നിർബന്ധിതരാവുകയാണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്റെ പൊതു കടം 80 ലക്ഷം കോടി രൂപ കടന്നതായാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. നാല് വർഷത്തിനുള്ളിൽ രാജ്യത്തിന്റെ കടം ഇരട്ടിയായി വർദ്ധിച്ചു. ഐ.എം.എഫ് നൽകുന്ന വായ്പകൾ ഉപയോഗിച്ച്‌ പഴയ വായ്പകളുടെ പലിശ അടയ്ക്കാൻ പോലും തികയാത്ത അവസ്ഥയിലാണ് രാജ്യം. അതേ സമയം രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുമ്പോഴും, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതുതായി രൂപീകരിച്ച ബോർഡ് ഓഫ് പീസ് സമിതിയിൽ സ്ഥിരം അംഗത്വം നേടാനായി പാകിസ്ഥാൻ ഏകദേശം 8,300 കോടി രൂപ നൽകിയതിനെതിരെ രാജ്യത്തിനകത്ത് വലിയ വിമർശനം നിലനിൽക്കുന്ന സാഹചര്യത്തിലാണ്‌ കുറ്റസമ്മതം.

സാമ്പത്തിക ചർച്ചകളിൽ പതിവായ അസിം മുനീറിന്റെ സാന്നിധ്യത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. കടം നൽകുന്നവർക്ക് വിശ്വാസം വരാനായി സൈന്യത്തിന്റെ തലവനെ കൂടെ കൂട്ടേണ്ടി വരുന്നത് സിവിൽ-മിലിട്ടറി ടീം വർക്കായാണ് സർക്കാർ കാണുന്നത്‌. ചൈന, സൗദി അറേബ്യ, യു.എ.ഇ, ഖത്തർ എന്നീ രാജ്യങ്ങൾ നൽകുന്ന സഹായങ്ങളാണ് നിലവിൽ പാകിസ്ഥാനെ തകർച്ചയിൽ നിന്ന് താങ്ങി നിർത്തുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!