ഗാസ: രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തെക്കന്‍ ഗാസയെ ഈജിപ്തുമായി ബന്ധിപ്പിക്കുന്ന സുപ്രധാനമായ റഫ ഇടനാഴി നാളെ മുതല്‍ ഭാഗികമായി തുറന്നുനല്‍കാന്‍ ഇസ്രയേല്‍ തീരുമാനിച്ചു. ജറുസലേമിലെ യുഎസ് പ്രതിനിധികളുമായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് ഈ നിര്‍ണ്ണായക പ്രഖ്യാപനം ഉണ്ടായത്. യുദ്ധത്തെത്തുടര്‍ന്ന് പലായനം ചെയ്ത പലസ്തീനികള്‍ക്ക് ഈ പാതയിലൂടെ തിരികെ വരാന്‍ അനുമതി നല്‍കുമെങ്കിലും, ഇസ്രയേലിന്റെ കര്‍ശനമായ സുരക്ഷാ പരിശോധനയ്ക്കും ക്ലിയറന്‍സിനും വിധേയരായവരെ മാത്രമേ കടത്തിവിടുകയുള്ളൂ എന്ന് നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്.
ഗാസയിലേക്കുള്ള മാനുഷിക സഹായങ്ങള്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ഈ അതിര്‍ത്തി തുറക്കാന്‍ അമേരിക്കന്‍ ഭരണകൂടം ഇസ്രയേലിനുമേല്‍ വലിയ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഒക്ടോബറില്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ ഭാഗമായാണ് ഈ നീക്കം ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത്. നിലവില്‍ ആളുകളുടെ യാത്രയ്ക്കായി മാത്രമാണ് ക്രോസിംഗ് തുറന്നുകൊടുക്കുന്നത്. ഇരുവശത്തേക്കുമുള്ള ഗതാഗതം നിയന്ത്രണങ്ങളോടെ ഉറപ്പാക്കുമെന്നാണ് ഇസ്രയേല്‍ അറിയിച്ചിരിക്കുന്നത്.

ബന്ദികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കര്‍ശനമായ ഉപാധികളോടെയാണ് ഇസ്രയേല്‍ ഈ ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്. നിലവില്‍ ഹമാസിന്റെ പക്കലുള്ള ജീവിച്ചിരിക്കുന്ന മുഴുവന്‍ ബന്ദികളെയും തിരികെ എത്തിക്കുന്നതിനും, മരിച്ചവരുടെ മൃതദേഹങ്ങള്‍ വിട്ടുനല്‍കുന്നതിനും ഹമാസിന്റെ ഭാഗത്തുനിന്ന് നൂറു ശതമാനം സഹകരണം ഉണ്ടാകണമെന്ന വ്യവസ്ഥയിലാണ് റഫ ഇടനാഴി തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഗസയിലെ ജനങ്ങളുടെ മടങ്ങിവരവ് സുഗമമാക്കുന്നതിനൊപ്പം ബന്ദികളുടെ മോചനം ഉറപ്പാക്കുക എന്ന ലക്ഷ്യം കൂടി ഈ നീക്കത്തിന് പിന്നിലുണ്ട്.
