മൺട്രിയോൾ : കെബെക്കിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കുന്നവരിൽ ആരോഗ്യമേഖലയിലും വിദ്യാഭ്യാസരംഗത്തും പ്രവർത്തിക്കുന്നവർക്ക് മുൻഗണന നൽകുമെന്ന് ഇമിഗ്രേഷൻ മന്ത്രി ജീൻ ഫ്രാൻസ്വ റോബെർജ്. കെബെക്കിൽ പഠനം പൂർത്തിയാക്കിയവർക്കും മൺട്രിയോൾ നഗരത്തിന് പുറത്ത് താമസിക്കുന്നവർക്കും ഈ വർഷം കൂടുതൽ പരിഗണന ലഭിക്കും. ഏകദേശം 29,000 പേർക്ക് പുതിയ പദ്ധതിയിലൂടെ (PSTQ) സ്ഥിരതാമസത്തിനുള്ള അവസരം നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. മൺട്രിയോൾ, ലാവൽ എന്നീ നഗരങ്ങൾക്ക് പുറത്ത് താമസിക്കുന്നവർക്ക് പ്രത്യേക പരിഗണന നൽകുമെന്നും ഇതിനകം അയച്ച ക്ഷണമുകളിൽ ഭൂരിഭാഗവും ഇത്തരക്കാർക്കാണെന്നും മന്ത്രി വ്യക്തമാക്കി. താൽക്കാലിക തൊഴിൽ വീസകൾ പുതുക്കി നൽകുന്നതിൽ ഫെഡറൽ സർക്കാരിന്റെ സഹകരണം വേണമെന്നും, യോഗ്യരായവരെ നിലനിർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഫ്രാൻസ്വ റോബെർജ് കൂട്ടിച്ചേർത്തു.

അതേസമയം, മുൻപുണ്ടായിരുന്ന കെബെക്ക് എക്സ്പീരിയൻസ് പ്രോഗ്രാം (PEQ) നിർത്തലാക്കിയത് വിദേശ തൊഴിലാളികൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിരുന്നു. ഇതിന് പകരമായാണ് കൂടുതൽ നിബന്ധനകളുള്ള പുതിയ പദ്ധതി നടപ്പിലാക്കുന്നത്. എന്നാൽ പുതിയ രീതി സങ്കീർണ്ണമാണെന്നും നഗരങ്ങളിൽ ജോലി ചെയ്യുന്ന പലർക്കും ഇത് തിരിച്ചടിയാകുമെന്നും ബിസിനസ് ഗ്രൂപ്പുകളും മേയർമാരും വിമർശനമുയർത്തിയിരുന്നു.
