കോട്ടയം: മുൻ നക്സൽ നേതാവ് വെള്ളത്തൂവൽ സ്റ്റീഫൻ (86) അന്തരിച്ചു. കോതമംഗലം വടാട്ടുപാറയിലുള്ള മകളുടെ വീട്ടിലായിരുന്നു അന്ത്യം. അർബുദ ബാധിതനായി ചികിത്സിലായിരുന്നു. 15 വയസ്സിൽ തന്നെ നക്സലൈറ്റ് പ്രസ്ഥാനങ്ങളിൽ ആകൃഷ്ടനായിരുന്ന സ്റ്റീഫൻ തലശ്ശേരി ആക്രമണകേസിൽ ഉൾപ്പടെ പ്രതിയാണ്. 15 വർഷത്തോളം ജയിലിലായിരുന്നു. കോട്ടയം ജില്ലയിലെ കങ്ങഴയ്ക്കടുത്തുള്ള ചുണ്ടമണ്ണിൽ തറവാട്ടിൽ സക്കറിയയുടെയും അന്നമ്മയുടെയും മകനായാണ് ജനനം. പിന്നീട് വെള്ളത്തൂവലിലേക്ക് ഇവർ കുടിയേറി. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പിതാവിന്റെ വഴിയേ പാർട്ടിയിലേക്ക് എത്തി. പാർട്ടി പിളർന്നപ്പോൾ സി.പി.ഐ യിൽ നിന്നു. തുടർന്ന് നക്‌സലൈറ്റ് പ്രസ്ഥാനത്തിലേക്ക് മാറി.

തലശ്ശേരി പോലീസ് സ്‌റ്റേഷൻ ആക്രമണത്തിലൂടെ പ്രസ്ഥാനത്തിൽ സജീവമായി. തുടർന്ന് ഒളിവിൽപോയി കേരളത്തിലുട നീളം വിപ്ലവപാർട്ടികൾ കെട്ടിപ്പടുത്തു. 1971-ൽ അറസ്റ്റ് ചെയ്യപ്പെടുമ്പോൾ കൊലക്കേസ് ഉൾപ്പെടെ പതിനെട്ട് കേസുകളിൽ പ്രതിചേർക്കപ്പെട്ടിരുന്നു. ജയിലിൽവച്ചുതന്നെ നക്സലൈറ്റ് ആശയങ്ങൾ ഉപേക്ഷിച്ചു. പിന്നീട് അല്പകാലം സുവിശേഷപ്രവർത്തനത്തിലേക്ക് വഴിതിരിഞ്ഞു. ചരിത്രശാസ്ത്രവും മാർക്സിയൻ ദർശനവും, പ്രചോദനം, ആതതായികൾ, അർദ്ധബിംബം, മേഘപാളിയിലെ കാൽപ്പാടുകൾ, കനൽവഴികൾ കടന്ന് ഒരു ദൈവസാക്ഷ്യം എന്നിവയാണ് പ്രധാനപ്പെട്ട പുസ്തകങ്ങൾ.
