ഹാലിഫാക്സ്: നോവസ്കോഷ പവറിന്റെ വൈദ്യുതി നിരക്ക് വർധിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രവിശ്യാ സർക്കാർ രംഗത്ത്. 2026-27 വർഷത്തേക്കായി കമ്പനി മുന്നോട്ടുവെച്ച നിരക്ക് വർധന തള്ളിക്കളയണമെന്ന് നോവസ്കോഷ എനർജി ബോർഡിനോട് സർക്കാർ ആവശ്യപ്പെട്ടു.
ജനങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഗണിക്കാതെ വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നത് ശരിയല്ലെന്ന് പ്രീമിയർ ടിം ഹൂസ്റ്റൺ പറഞ്ഞു. വൈദ്യുതി എന്നത് ആഡംബരമല്ല, മറിച്ച് അത്യാവശ്യ ഘടകമാണെന്നും ജനങ്ങൾ ഇതിനകം തന്നെ കടുത്ത സാമ്പത്തിക സമ്മർദ്ദത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനവികാരം മാനിക്കാത്ത ഈ നീക്കം തള്ളിക്കളയണമെന്നും, കടുത്ത സൈബർ ആക്രമണത്തിന് ശേഷം നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാനും സേവനം മെച്ചപ്പെടുത്താനുമാണ് നോവസ്കോഷ പവർ ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ എട്ട് ശതമാനം നിരക്ക് വർധനവാണ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്.

അതിശൈത്യത്തെ തുടർന്ന് വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടതിന് പിന്നാലെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് നോവസ്കോഷ പവർ നേരിടുന്നത്. താപനില മൈനസ് 28 ഡിഗ്രി വരെ താഴ്ന്ന ഘട്ടത്തിൽ ഹീറ്ററുകളുടെ പ്രവർത്തനം കുറയ്ക്കാൻ ആവശ്യപ്പെട്ടത് അംഗീകരിക്കാനാവില്ലെന്ന് സോഷ്യൽ മീഡിയയിലൂടെ നിരവധി പേർ പ്രതികരിച്ചു. വൈദ്യുതി ബില്ലുകൾ ഇപ്പോൾ തന്നെ താങ്ങാനാവുന്നില്ലെന്നും ഉപഭോക്താക്കൾ അഭിപ്രായപ്പെട്ടു.
