വിനിപെഗ്: കാട്ടുതീ സീസൺ അടുത്തിരിക്കെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി കൂടുതൽ ഫണ്ട് അനുവദിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് മാനിറ്റോബയിലെ പരിസ്ഥിതി സംഘടനകൾ. മാനിറ്റോബ വൈൽഡ് ഫയർ സർവീസിനും തദ്ദേശീയരായ ജനവിഭാഗങ്ങളുടെ നേതൃത്വത്തിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കും കൂടുതൽ സാമ്പത്തിക പിന്തുണ ആവശ്യമാണെന്ന് മാനിറ്റോബയിലെ ക്ലൈമറ്റ് ആക്ഷൻ ടീം പോളിസി ഡെവലപ്മെന്റ് മാനേജർ ജെയിംസ് വിൽറ്റ് പറഞ്ഞു.

അതേസമയം, കാട്ടുതീ പ്രതിരോധത്തിനായി സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് മാനിറ്റോബ പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷത്തെ കാട്ടുതീയിൽ നിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ട് പ്രതിരോധ പ്രവർത്തനങ്ങളും തയ്യാറെടുപ്പുകളും വിലയിരുത്തി വരികയാണെന്ന് പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രി മൈക്ക് മോയിസ് പറഞ്ഞു. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ഫെഡറൽ സർക്കാരിനോടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടും ചേർന്ന് പ്രവർത്തിക്കുമെന്നും ജനങ്ങൾ ‘ഫയർ സ്മാർട്ട്’ തീരുമാനങ്ങൾ എടുക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ,വരാനിരിക്കുന്ന 2026-ലെ ബജറ്റിൽ കാട്ടുതീ പ്രതിരോധത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായി കൂടുതൽ തുക വകയിരുത്തണമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ആവശ്യം. ഇനിയും വൈകുന്നത് കഴിഞ്ഞ വർഷത്തേതിന് സമാനമായ വലിയ ദുരന്തങ്ങൾക്ക് വഴിവെക്കുമെന്ന് ജെയിംസ് വിൽറ്റ് പറഞ്ഞു.
