ഷാർലറ്റ്ടൗൺ: പ്രിൻസ് എഡ്വേർഡ് ഐലൻഡിലെ കിന്റർഗാർട്ടൻ പ്രവേശന നടപടികൾ പുരോഗമിക്കുമ്പോൾ, കൃത്യസമയത്ത് കുട്ടികളെ രജിസ്റ്റർ ചെയ്യണമെന്ന കർശന നിർദ്ദേശവുമായി വിദ്യാഭ്യാസ വകുപ്പ് അധികൃതർ. സെപ്റ്റംബറിൽ ആരംഭിക്കുന്ന അധ്യയന വർഷത്തിലേക്കുള്ള രജിസ്ട്രേഷൻ ഡിസംബറിൽ തന്നെ ആരംഭിച്ചിരുന്നു. എന്നാൽ പല രക്ഷിതാക്കളും അവസാന നിമിഷം വരെ രജിസ്ട്രേഷൻ നീട്ടിവെക്കുന്നത് സ്കൂളുകളുടെ പ്രവർത്തനത്തെയും അധ്യാപക നിയമനത്തെയും സാരമായി ബാധിക്കുന്നുണ്ടെന്ന് പി.ഇ.ഐ പബ്ലിക് സ്കൂൾ ബ്രാഞ്ച് എച്ച്ആർ ഡയറക്ടർ ഷോൺ ബ്രിൻസൺ പറഞ്ഞു.

ഒരു ക്ലാസ്സിൽ പരമാവധി 18 കുട്ടികൾ എന്ന നിബന്ധനയുള്ളതിനാൽ, അവസാന നിമിഷം കൂടുതൽ കുട്ടികൾ എത്തുന്നത് ക്ലാസ് മുറികൾ ക്രമീകരിക്കുന്നതിനും ആവശ്യത്തിന് അധ്യാപകരെ ലഭ്യമാക്കുന്നതിനും വെല്ലുവിളിയാകുന്നുണ്ട്. പ്രത്യേകിച്ച് ഫ്രഞ്ച് ഭാഷാ സ്കൂളുകളിൽ അധ്യാപകരുടെ കുറവുള്ളതിനാൽ നേരത്തെയുള്ള രജിസ്ട്രേഷൻ അത്യന്താപേക്ഷിതമാണെന്നും രക്ഷിതാക്കൾ ഒട്ടും വൈകിക്കാതെ അപേക്ഷാ ഫോമുകൾ സമർപ്പിക്കണമെന്ന് അസോസിയേഷൻ ഓഫ് ഫ്രഞ്ച് ലാംഗ്വേജ് ഏർലി ചൈൽഡ്ഹുഡ് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ കാത്ലീൻ കൂച്ചറും അഭ്യർത്ഥിച്ചു.
പുതിയ സ്കൂൾ അന്തരീക്ഷവുമായി കുട്ടികളെ പരിചയപ്പെടുത്തുന്നതിനും അവർക്ക് ആവശ്യമായ പിന്തുണ നൽകുന്നതിനും സ്കൂൾ അധികൃതർക്ക് മുൻകൂട്ടിയുള്ള തയ്യാറെടുപ്പുകൾ ആവശ്യമാണെന്ന് ബ്രിൻസൺ പറഞ്ഞു. രജിസ്ട്രേഷൻ പ്രക്രിയയെക്കുറിച്ചും പ്രധാന തീയതികളെക്കുറിച്ചുമുള്ള വിവരങ്ങൾ പബ്ലിക് സ്കൂൾ ബ്രാഞ്ചിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. കുട്ടികൾക്ക് മികച്ച രീതിയിലുള്ള പഠനസൗകര്യങ്ങളും വിഭവങ്ങളും ഉറപ്പാക്കാൻ രക്ഷിതാക്കളുടെ പൂർണ്ണ സഹകരണം അത്യാവശ്യമാണെന്ന് ബ്രിൻസൺ വ്യക്തമാക്കി.
