സെന്റ് ജോൺസ് : അതിശക്തമായ മഞ്ഞുവീഴ്ചയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ ഐലൻഡ് മേഖലകളിൽ നാളെ ‘ഓറഞ്ച് അലർട്ട്’ പ്രഖ്യാപിച്ച് എൻവയൺമെന്റ് കാനഡ. 35 മുതൽ 50 സെന്റിമീറ്റർ വരെ മഞ്ഞുവീഴ്ചയും മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിലുള്ള കാറ്റും പ്രതീക്ഷിക്കാം. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കൊടുങ്കാറ്റ് തുടരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.

അവലോൺ, ബുറിൻ തുടങ്ങിയ പെനിൻസുലകളിലാണ് കൊടുങ്കാറ്റ് പ്രധാനമായും ബാധിക്കുക. മഞ്ഞുവീഴ്ചയ്‌ക്കൊപ്പം തീരപ്രദേശങ്ങളിൽ കടൽക്ഷോഭത്തിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. മോശം കാലാവസ്ഥ കാരണം സ്‌കൂളുകൾക്കും ഓഫീസുകൾക്കും അവധി നൽകാനും ഗതാഗത തടസ്സങ്ങൾക്കും വൈദ്യുതി ബന്ധം നിലയ്ക്കാനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ബുധനാഴ്ചയോടെ മാത്രമേ കാലാവസ്ഥ സാധാരണ നിലയിലാകൂ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
