ഓട്ടവ : ജോലി രാജിവെക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ വെറും ആവേശം മാത്രം പോരാ, കൃത്യമായ സാമ്പത്തിക ആസൂത്രണം കൂടി വേണമെന്ന് മുന്നറിയിപ്പ് നൽകി സാമ്പത്തിക വിദഗ്ധർ. നിലവിലെ ജോലിയിലെ അതൃപ്തിയോ പുതിയ അവസരങ്ങൾ തേടലോ ആകാം രാജിക്ക് കാരണം. എന്നാൽ കയ്യിൽ ചുരുങ്ങിയത് മൂന്ന് മുതൽ ആറ് മാസത്തേക്കെങ്കിലും അത്യാവശ്യ ചെലവുകൾക്കുള്ള പണം കരുതിയിരിക്കണമെന്ന് മുൻ സാമ്പത്തിക ഉപദേഷ്ടാവ് ക്രിസ്റ്റഫർ ല്യൂ പറയുന്നു. വാടക, വൈദ്യുതി ബില്ലുകൾ, ഭക്ഷണം, യാത്രാക്കൂലി, ഇൻഷുറൻസ് തുടങ്ങിയവ ഇതിൽ ഉൾപ്പെടും.

പുതിയ ജോലി ഉറപ്പായവർക്ക് മൂന്ന് മാസത്തെ സമ്പാദ്യം മതിയെങ്കിലും, കരിയർ മാറ്റാനോ പുതിയ ബിസിനസ് തുടങ്ങാനോ ആഗ്രഹിക്കുന്നവർക്ക് ഒരു വർഷത്തെ തുകയെങ്കിലും കരുതുന്നത് സുരക്ഷിതമായിരിക്കും. ജോലി മാറുമ്പോൾ ഇൻഷുറൻസ് ആനുകൂല്യങ്ങൾ നഷ്ടപ്പെടുമെന്നതും കടബാധ്യതകൾ തീർക്കാൻ ബുദ്ധിമുട്ടാകുമെന്നതും പരിഗണിക്കണം. കൃത്യമായ ബജറ്റും പ്ലാനും ഉണ്ടെങ്കിൽ മാത്രമേ തൊഴിലില്ലാത്ത സമയം സമ്മർദ്ദമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുകയുള്ളൂവെന്നും ക്രിസ്റ്റഫർ ല്യൂ അഭിപ്രായപ്പെടുന്നു.
