Thursday, March 19, 2026

ഹോക്കി താരങ്ങളെ വളർത്താൻ സാസ്‌കറ്റൂൺ; 5 പബ്ലിക് സ്കൂളുകളിൽ പുതിയ അക്കാദമികൾ

സാസ്‌കറ്റൂൺ : പ്രവിശ്യയിലെ അഞ്ച് പബ്ലിക് സ്‌കൂളുകളിൽ ഈ വരുന്ന സെപ്റ്റംബർ മുതൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഹോക്കി അക്കാദമികൾ പ്രവർത്തനം ആരംഭിക്കാനൊരുങ്ങി സാസ്‌കറ്റൂൺ. പഠനത്തോടൊപ്പം തന്നെ വിദ്യാർത്ഥികളുടെ കായിക അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ചീഫ് വൈറ്റ്‌ക്യാപ്, എസ്റ്റി, ലേക്ബ്രിഡ്ജ്, ഇക്കോൾ റിവർ ഹൈറ്റ്‌സ്, വില്ലോ ഗ്രോവ് എന്നീ സ്‌കൂളുകളിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്. ട്രാച്ച് പവർ സ്കേറ്റിങ് ആൻഡ് സ്കിൽസുമായി ചേർന്നാണ് ഹോക്കി അക്കാദമി പ്രവർത്തിക്കുക. ആറ്, ഏഴ്, എട്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഇതിൽ പ്രവേശനം നേടാമെന്ന് സാസ്‌കറ്റൂൺ സിറ്റി അധിക‍ൃതർ പറയുന്നു. മുൻപ് കാത്തലിക് സ്‌കൂളുകളിൽ മാത്രം ലഭ്യമായിരുന്ന ഈ സൗകര്യം ഇതാദ്യമായാണ് പബ്ലിക് സ്‌കൂൾ മേഖലയിലേക്ക് വ്യാപിപ്പിക്കുന്നത്.

ഹോക്കി പരിശീലനത്തിനായി സ്‌കൂൾ പഠനം മുടങ്ങുന്നത് ഒഴിവാക്കാനും പകൽ സമയത്തെ ഐസ് ലഭ്യത പ്രയോജനപ്പെടുത്താനും പുതിയ അക്കാദമികൾ സഹായിക്കും. 3,300 ഡോളർ ആണ് കോഴ്സ് ഫീസായി നിശ്ചയിച്ചിട്ടുള്ളതെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബങ്ങൾക്ക് സ്‌കൂൾ അധികൃതരെ സമീപിച്ച് സഹായം തേടാവുന്നതാണ്. കായിക മികവിനൊപ്പം തന്നെ സമയക്രമീകരണം, ലക്ഷ്യബോധം, ടീം വർക്ക് തുടങ്ങിയ ജീവിത നൈപുണ്യങ്ങൾ വളർത്താനും ഈ പരിശീലനം കുട്ടികളെ സഹായിക്കും. ഭാവിയിൽ പ്രൊഫഷണൽ ഹോക്കി താരങ്ങളാകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സ്വന്തം നാട്ടിൽ തന്നെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശ്യമെന്ന് അധികൃതർ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!