വിനിപെഗ്: നഗരത്തിലെ കായിക മൈതാനങ്ങളിലും പൊതു പാർക്കുകളിലും വൻകുഴികളുണ്ടാക്കി നാശനഷ്ടങ്ങൾ വരുത്തുന്ന ഗ്രൗണ്ട് സ്ക്വിറലുകളെ ഇല്ലാതാക്കാൻ കീടനാശിനികൾ ഉപയോഗിക്കാൻ നീക്കം. എന്നാൽ ഈ നടപടി മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതയാണെന്ന ആരോപണവുമായി ‘അനിമൽ ജസ്റ്റിസ്’പോലുള്ള സംഘടനകൾ രംഗത്തെത്തി. ‘Rozol RTU’ എന്ന എലിവിഷവും ‘RoCon’ എന്ന ശ്വാസംമുട്ടിക്കുന്ന പതയുമാണ് അണ്ണാൻമാരെ കൊല്ലാനായി ഉപയോഗിക്കുന്നത്. വിഷം അകത്തേക്ക് എത്തുമ്പോൾ മൃഗങ്ങൾക്ക് ആന്തരിക രക്തസ്രാവവും ശ്വാസംമുട്ടലും അനുഭവപ്പെടുമെന്നും ദിവസങ്ങളോളം കഠിനവേദന അനുഭവിച്ചായിരിക്കും ഇവ മരണപ്പെടുന്നതെന്നുമാണ് മൃഗസ്നേഹികളുടെ ആരോപണം. ഈ വിഷം അകത്തുചെന്ന അണ്ണാൻമാരെ
കഴിക്കുന്ന പൂച്ചകൾ, നായ്ക്കൾ, പരുന്തുകൾ തുടങ്ങിയ മറ്റു ജീവികളെയും വിഷത്തിൻ്റെ രൂക്ഷഫലം ബാധിക്കും. പാർക്കിൽ കളിക്കാനെത്തുന്ന കുട്ടികൾക്കും വളർത്തുമൃഗങ്ങൾക്കും ഇത് വലിയ സുരക്ഷാഭീഷണി ഉയർത്തുമെന്ന് അനിമൽ ജസ്റ്റിസ് ഡയറക്ടർ കെയ്റ്റ്ലിൻ മിച്ചൽ പറഞ്ഞു.

അണ്ണാൻമാർ ഉണ്ടാക്കുന്ന കുഴികൾ മൈതാനങ്ങളിൽ കളിക്കുന്ന കായികതാരങ്ങൾക്കും നടക്കാൻ വരുന്നവർക്കും അപകടമുണ്ടാക്കുന്നു എന്നാണ് നഗരസഭയുടെ വാദം. വിഷം ഉപയോഗിച്ച് കൊല്ലുന്ന ഇവയെ അന്നേരം തന്നെ നീക്കം ചെയ്യുമെന്നും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുമെന്നും നഗരസഭ ഉറപ്പുനൽകുന്നു. കഴിഞ്ഞ വർഷം അണ്ണാൻമാരെ സൾഫർ ഗ്യാസ്’ ഉപയോഗിക്കാൻ നഗരസഭ ശ്രമിച്ചെങ്കിലും ജനകീയ പ്രതിഷേധത്തെത്തുടർന്ന് നിറുത്തിവച്ചിരുന്നു. തുടർന്നാണ് പുതിയ രീതിയിലുള്ള വിഷപ്രയോഗവുമായി അധികൃതർ വീണ്ടുമെത്തിയത്. മൃഗങ്ങളെ കൊല്ലാതെ തന്നെ പിടികൂടി മാറ്റി പാർപ്പിക്കണമെന്നും ആവാസവ്യവസ്ഥയിൽ നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നുമാണ് മൃഗസ്നേഹികളുടെ ആവശ്യം. കണ്ണുകളിൽ നിന്ന് രക്തം വന്ന് മരിക്കുന്ന മൃഗങ്ങളെ കാണുന്നത് ആർക്കും സന്തോഷമുള്ള കാര്യമല്ലെന്നും പാർക്കുകൾ ഇങ്ങനെയുള്ള കാഴ്ചകൾക്ക് വേദിയാകരുതെന്നും ‘അനിമൽ ജസ്റ്റിസി’ൽ പ്രവർത്തിക്കുന്ന കെയ്റ്റ്ലിൻ മിച്ചൽ പറഞ്ഞു.
