മൺട്രിയോൾ : മൺട്രിയോൾ-ട്രൂഡോ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരന് അഞ്ചാംപനി സ്ഥിരീകരിച്ചതോടെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ജനുവരി 21 ന് മെക്സിക്കോയിൽ നിന്ന് മൺട്രിയോളിലേക്കുള്ള വോൾ എയ്റോ മെക്സിക്കോ ഫ്ലൈറ്റ് AM680 ൽ എത്തിയ ആൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

ജനുവരി 21 ന് പുലർച്ചെ 1 നും രാവിലെ 7:25 നും ഇടയിൽ വിമാനത്തിൽ ഉണ്ടായിരുന്നവരോ രാവിലെ 8 നും രാവിലെ 11 നും ഇടയിൽ മൺട്രിയോൾ വിമാനത്താവളത്തിൽ എത്തിയവർ അഞ്ചാംപനി ലക്ഷണങ്ങൾ പരിശോധിക്കണം. പനി, ചുമ, മൂക്കൊലിപ്പ്, കൺജങ്ക്റ്റിവിറ്റിസ്, വ്യാപകമായ ചുണങ്ങു എന്നിവയാണ് അഞ്ചാംപനി ലക്ഷണങ്ങൾ. അതേസമയം മീസിൽസ് വാക്സിൻ രണ്ടു ഡോസ് സ്വീകരിച്ചിട്ടുള്ളവർക്ക് രോഗപ്രതിരോധശേഷിയുണ്ട്. പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്ത ഗർഭിണികൾ, ഒരു വയസ്സിൽ താഴെയുള്ള കുട്ടികൾ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർ ഉടൻ ആരോഗ്യവകുപ്പുമായി (Info-Santé 811) ബന്ധപ്പെടണം.

കെബെക്കിൽ ഈ വർഷം ഇതുവരെ ഒമ്പത് അഞ്ചാംപനി കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രവിശ്യാ നിവാസികൾക്ക് ക്ലിക് സാന്റേ സന്ദർശിച്ചോ 1-877-644-4545 എന്ന നമ്പറിൽ വിളിച്ചോ വാക്സിൻ എടുക്കാൻ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം. കഴിഞ്ഞ വർഷം കാനഡയിൽ രണ്ട് പേരുടെ ജീവൻ അപഹരിച്ച അഞ്ചാംപനിക്കെതിരെ വാക്സിനേഷനും നിരീക്ഷണവും ശക്തമാക്കാൻ പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസേഷൻ (PAHO) കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
