Sunday, February 8, 2026

വാഷിങ്ടൺ പോസ്റ്റ് സിഇഒ വിൽ ലൂയിസ് രാജിവച്ചു; കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെ അപ്രതീക്ഷിത രാജി

വാഷിങ്ടൺ: വാഷിങ്ടൺ പോസ്‌റ്റിൻ്റെ സി.ഇ.ഒയും പബ്ലിഷറുമായ വിൽ ലൂയിസ് രാജിവച്ചു. സ്ഥാപനത്തിൽ നടന്ന വൻതോതിലുള്ള പിരിച്ചുവിടലുകൾക്ക് പിന്നാലെയാണ്‌ അപ്രതീക്ഷിത നീക്കം. ഫെബ്രുവരി 7 ശനിയാഴ്ച ജീവനക്കാർക്ക് അയച്ച ഇമെയിലിലൂടെയാണ് അദ്ദേഹം രാജി വിവരം അറിയിച്ചത്. പടിയിറങ്ങാൻ ഇതാണ് ശരിയായ സമയം എന്ന് ലൂയിസ് ഇമെയിലിൽ വ്യക്തമാക്കി. പത്രത്തിൽ നിന്നും ഏകദേശം 300-ഓളം പേരെ പിരിച്ചുവിട്ട് ദിവസങ്ങൾക്കകമാണ് ഈ രാജി. ശശി തരൂരിൻ്റെ മകൻ ഇഷാൻ തരൂർ, പത്രത്തിൻ്റെ ന്യൂഡൽഹി ബ്യൂറോ ചീഫായ പ്രാൻഷു വർമ്മ തുടങ്ങിയ പ്രമുഖർക്കും ഈ നടപടിയിൽ ജോലി നഷ്ടപ്പെട്ടിരുന്നു. തന്റെ രാജി സന്ദേശത്തിൽ ഉടമയും ആമസോൺ സ്ഥാപകനുമായ ജെഫ് ബെസോസിന് ലൂയിസ് നന്ദി പറഞ്ഞു. വാഷിങ്ടൺ പോസ്റ്റിലെ രണ്ട് വർഷത്തെ മാറ്റങ്ങൾക്ക്‌ ശേഷം, ഇപ്പോൾ തനിക്ക് സ്ഥാനമൊഴിയാൻ ശരിയായ സമയമായെന്നും സിഇഒയും പബ്ലിഷറുമായ കാലയളവിലുടനീളം ജെഫ് ബെസോസ് നൽകിയ പിന്തുണയ്ക്കും നേതൃത്വത്തിനും നന്ദി പറയാൻ ആഗ്രഹിക്കുന്നതായും സ്ഥാപനത്തിന് ഇതിലും മികച്ച ഒരു ഉടമയെ ലഭിക്കില്ലെന്നും തൻ്റെ രാജിക്കത്തിൽ ലൂയിസ്‌ പറഞ്ഞു. താൻ ചുമതല നിർവഹിച്ചിരുന്ന കാലത്ത്‌ പത്രത്തിൻ്റെ സുസ്ഥിരമായ ഭാവി ഉറപ്പാക്കുന്നതിനായി ബുദ്ധിമുട്ടുള്ള തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നും ഇതുവഴി വരും വർഷങ്ങളിൽ ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് ഉയർന്ന നിലവാരമുള്ളതും പക്ഷപാതരഹിതവുമായ വാർത്തകൾ പ്രസിദ്ധീകരിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം പത്രത്തിൻ്റെ വായനക്കാർ എന്നു പറയുന്നതിന്‌ പകരം അവരെ ഉപഭോക്താക്കൾ എന്ന്‌ വിശേഷിപ്പിച്ചതും ജോലി നഷ്ടപ്പെട്ട ജീവനക്കാരെക്കുറിച്ചോ പത്രത്തിന്റെ എഡിറ്റോറിയൽ നിലവാരത്തെക്കുറിച്ചോ കത്തിൽ പരാമർശമില്ലാത്തതും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു.

വിൽ ലൂയിസിന് പകരമായി സ്ഥാപനത്തിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ (CFO) ആയിരുന്ന ജെഫ് ഡി ഒനോഫ്രിയോ താത്‌കാലിക സി.ഇ.ഒ ആയി ചുമതലയേറ്റു. ലൂയിസിന്റെ ഇമെയിലിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ബ്രിട്ടീഷ് പത്രപ്രവർത്തകനും മീഡിയ എക്സിക്യൂട്ടീവുമായ 56 കാരനായ വിൽ ലൂയിസ് 2023 ലാണ്‌ വാഷിങ്ടൺ പോസ്റ്റിൻ്റെ സിഇഒയും പബ്ളിഷറുമായി ചുമതലയേറ്റത്‌. വാഷിങ്ടൺ പോസ്റ്റിൽ ചേരുന്നതിന് മുമ്പ്, ലൂയിസ്, ബ്രിട്ടനിലും യുഎസിലും പത്രപ്രവർത്തനത്തിലും മീഡിയ മാനേജ്‌മെന്റിലും നീണ്ടകാലം പ്രവർത്തിച്ചിരുന്നു. ഡൗ ജോൺസ് & കമ്പനിയിലും ദി വാൾ സ്ട്രീറ്റ് ജേണലിലും അദ്ദേഹം നേതൃത്വം വഹിച്ചു. യുഎസ് മാധ്യമ സ്ഥാപനങ്ങളിലേക്ക് മാറുന്നതിന് മുമ്പ്, അദ്ദേഹം പ്രമുഖ യുകെ ടാബ്ലോയിഡുകളിൽ മുതിർന്ന എഡിറ്റോറിയൽ സ്ഥാനങ്ങൾ വഹിച്ചിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!