Sunday, February 8, 2026

നെടുമ്പറമ്പിൽ ഫിനാൻസിന്റെ വെളിപ്പെടുത്തൽ; കള്ളപ്പണക്കേസിൽ ആൻ്റോ ആൻ്റണിയെ ഇഡി ചോദ്യം ചെയ്യും

കൊച്ചി: നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റിനെതിരായ (എൻസിഎസ്) കള്ളപ്പണക്കേസിൽ ഇ.ഡി അന്വേഷണം നടത്തും. പത്തനംതിട്ട എംപി ആൻ്റോ ആൻ്റണിയിലേക്കും അന്വേഷണം നീളും. 2019ൽ ആന്റോ ആന്റണിക്ക് രണ്ടുകോടി രൂപ കൈമാറിയെന്ന എൻസിഎസ് ഉടമ എൻ എം രാജുവിന്റെ വെളിപ്പെടുത്തലിലാണ് ഇഡി അന്വേഷണം എംപിയിലേക്കുമെത്തുന്നത്‌. പുതിയ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ രാജുവിനെ ഇഡി ആദ്യം വിശദമായി ചോദ്യം ചെയ്യും. തുടർന്ന്‌ മൊഴികൾ പരിശോധിച്ചശേഷം ആന്റോ ആന്റണിയെയും ഇഡി ചോദ്യംചെയ്യും. രാജു തുക കൈമാറിയിട്ടുണ്ടെങ്കിൽ ഈ പണം കുറ്റകൃത്യത്തിൽനിന്നുള്ള പണമായി കണക്കാക്കേണ്ടിവരുമെന്നാണ് ഇഡിയുടെ വിലയിരുത്തൽ. മാത്രമല്ല, ഈ പണം തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് തിരഞ്ഞെടുപ്പ് കണക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്നും പരിശോധിക്കും. പണം രണ്ടുമാസത്തിനകം തിരികെ നൽകാമെന്ന ഉറപ്പിൽ യാതൊരു രേഖയും വാങ്ങാതെയാണ് ആന്റോ ആന്റണിക്ക് പണം നൽകിയതെന്നും ഏഴു വർഷം കഴിഞ്ഞിട്ടും രണ്ടു തവണയായി 20 ലക്ഷം മാത്രമാണ് തിരികെ നൽകിയതെന്നുമാണ്‌ രാജുവിൻ്റെ ആരോപണം. സ്ഥാപനത്തിലെ ഇഡി റെയ്ഡിന്‌ പിന്നാലെ എറണാകുളം പ്രസ്‌ ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു രാജു കടവിൽ ആൻ്റോ ആൻ്റണിക്കെതിരെ വെളിപ്പെടുത്തൽ നടത്തിയത്‌. സ്ഥാപനം വലിയ പ്രതിസന്ധി നേരിട്ടപ്പോൾ മകൾ ഉൾപ്പെടെ എംപിയുടെ വീട്ടിൽ ചെന്ന് പണം ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല.

ആയിരം തവണയെങ്കിലും പണത്തിനായി സമീപിച്ചിട്ടുണ്ട്. എംപിയുമായുള്ള വ്യക്തിപരമായ ബന്ധത്തിന്റെ പുറത്താണ് ഓഫീസിലെ അക്കൗണ്ടുവഴി പണം നൽകിയത്. അന്ന് ഞങ്ങൾ യുഡിഎഫിന്റെ ഭാഗമായി രുന്നതിനാലാണ് സഹായിച്ചത്. പണമിടപാടിൽ യാതൊരു അസ്വാഭാവികതയുമില്ല. എല്ലാ രേഖകളും കൃത്യമാണ്.പണം തിരികെ ലഭിക്കണമെന്ന ആഗ്രഹമുള്ളതുകൊണ്ടാണ് പൊലീസിൽ പരാതി നൽകാതിരുന്നതെന്നും രാജു പറഞ്ഞു. ഈടില്ലാതെ പണം നൽകിയത് കള്ളപ്പണമായതിനാലാണോ എന്ന ചോദ്യത്തിന്, ആന്റോ ആന്റണി പണം എങ്ങനെ ഉപയോഗിച്ചെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നായിരുന്നു മറുപടി. അതേസമയം, രാജുവിൽ നിന്ന് താൻ പണം വാങ്ങിയിട്ടുണ്ടെന്നും അത് തിരികെ നൽകി എന്നുമാണ് ആന്റോ ആന്റണി പ്രതികരിച്ചത്. രാജു തന്നത് തിരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് ആദ്യം കരുതിയതെന്നും മടക്കിചോദിച്ചപ്പോൾ തിരികെ നൽകിയെന്നും അദ്ദേഹം പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!