Sunday, February 8, 2026

ചാരവൃത്തി തടയാൻ കേന്ദ്രം; സുരക്ഷാ സേനകൾക്കായി പുതിയ ഡിജിറ്റൽ പ്രോട്ടോക്കോൾ

ന്യൂഡല്‍ഹി: രാജ്യത്തെ സുരക്ഷാ സേനകളിലും തന്ത്രപ്രധാന ഏജൻസികളിലും വർദ്ധിച്ചുവരുന്ന സൈബർ ഭീഷണികളും ചാരവൃത്തിയും തടയുന്നതിനായി വിപുലമായ സുരക്ഷാ പ്രോട്ടോക്കോൾ നടപ്പിലാക്കുമെന്ന് കേന്ദ്ര സർക്കാർ. ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ സഹകരണത്തോടെ ആഭ്യന്തര മന്ത്രാലയമാണ് പുതിയ പദ്ധതിക്ക് രൂപം നൽകുന്നത്. സൈബർ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി അത്യാധുനിക സോഫ്റ്റ്‌വെയർ അധിഷ്ഠിത ഫയർവാളുകളും ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗത്തിന് കർശനമായ നിയന്ത്രണങ്ങളും ഉടൻ നിലവിൽ വരും.

രാജ്യത്തെ ഇന്റലിജൻസ്, പൊലീസ്, അർദ്ധസൈനിക വിഭാഗങ്ങൾ എന്നിവയിൽ ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗത്തിന് ഏകീകൃത മാനദണ്ഡങ്ങൾ കൊണ്ടുവരികയാണ് പുതിയ ചട്ടക്കൂടിന്റെ ലക്ഷ്യം. സുപ്രധാന മേഖലകളിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുടെ ഗാഡ്‌ജറ്റ് ഉപയോഗം നിരീക്ഷിക്കുന്നതിനൊപ്പം ആശയവിനിമയങ്ങളുടെ ഓഡിറ്റിങും ലോഗിങും നിർബന്ധമാക്കും. ഡിജിറ്റൽ സംവിധാനങ്ങൾ വഴി ചാരവൃത്തി നടക്കാനുള്ള സാധ്യതകൾ മുൻകൂട്ടി കണ്ടാണ് ആശയവിനിമയങ്ങളിൽ കർശനമായ നിരീക്ഷണം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്.

പദ്ധതിയുടെ ഭാഗമായി വിശ്വസനീയമായ വിതരണ ശൃംഖലകളിൽ നിന്ന് മാത്രമായിരിക്കും ഇനി സുരക്ഷാ സേനകൾക്കാവശ്യമായ ഉപകരണങ്ങൾ സംഭരിക്കുക. ഇതിനായി പ്രത്യേക കേന്ദ്രീകൃത ഹാർഡ്‌വെയർ സംഭരണ സംവിധാനം പ്രവർത്തിക്കും. മാൽവെയർ, സ്‌പൈവെയർ എന്നിവ വഴി ഡാറ്റ ചോരുന്നത് തടയാൻ സോഫ്റ്റ്‌വെയർ ഇൻസ്റ്റാലേഷനുകളിലും ബാഹ്യ കണക്റ്റിവിറ്റിയിലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. രാജ്യസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഡിജിറ്റൽ രംഗത്ത് കൂടുതൽ അച്ചടക്കം കൊണ്ടുവരാനും ഈ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തൽ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!