കൊച്ചി: കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലെ അഗത്തിയിലേക്ക് പുതിയ വിമാന സർവീസ് നാളെ മുതൽ. മലയാളി ഉടമസ്ഥതയിലുള്ള ഫ്ളൈ 91 കമ്പനിയാണ് ഈ പുതിയ സർവീസിന് പിന്നിൽ. ഇതോടെ കൊച്ചി – അഗത്തി റൂട്ടിൽ സർവീസ് നടത്തുന്ന മൂന്നാമത്തെ വിമാന കമ്പനിയായി ഫ്ളൈ 91. നിലവിൽ ഇൻഡിഗോ, അലൈൻസ് എയർ എന്നീ കമ്പനികളാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്.
വ്യാഴാഴ്ച ഒഴികെയുള്ള എല്ലാ ദിവസവും വിമാന സർവീസുകൾ ഉണ്ടായിരിക്കുമെന്ന് വിമാന കമ്പനി അറിയിച്ചു. അഗത്തിയിൽ നിന്ന് രാവിലെ 9.30-ന് പുറപ്പെടുന്ന വിമാനം 10.50-ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. തിരികെ കൊച്ചിയിൽ നിന്ന് രാവിലെ 11.20-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.45-ഓടെ അഗത്തിയിൽ ലാൻഡ് ചെയ്യുന്ന രീതിയിലാണ് സമയക്രമം നിശ്ചയിച്ചിരിക്കുന്നത്.

ദ്വീപ് നിവാസികൾക്കും വിനോദസഞ്ചാരികൾക്കും പുതിയ സർവീസ് വലിയ ആശ്വാസമാകും. നിലവിൽ ഇൻഡിഗോ പ്രതിദിന സർവീസുകൾ നടത്തുന്നുണ്ടെങ്കിലും പുതിയ കമ്പനി കൂടി എത്തുന്നതോടെ യാത്രാസൗകര്യം വർദ്ധിക്കുകയും ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു. ലക്ഷദ്വീപിലേക്കുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിൽ ഈ നീക്കം നിർണ്ണായകമാകും.
