ഓട്ടവ: കനേഡിയൻ പുരുഷ ഒളിംപിക്സ് ഹോക്കി ടീമിന്റെ ക്യാപ്റ്റനായി സിഡ്നി ക്രോസ്ബിയെ തിരഞ്ഞെടുത്തു. പിറ്റ്സ്ബർഗ് പെൻഗ്വിൻസിന്റെ ഇതിഹാസ താരവും രണ്ട് തവണ ഒളിംപിക്സ് സ്വർണ്ണ മെഡൽ ജേതാവുമായ ക്രോസ്ബി രണ്ടാം തവണയാണ് കാനഡയെ ഒളിംപിക്സിൽ നയിക്കുന്നത്. എൻഎച്ച്എൽ (NHL) താരങ്ങൾ അവസാനമായി പങ്കെടുത്ത 2014-ലെ സോച്ചി ഒളിംപിക്സിലും ക്രോസ്ബിയുടെ നേതൃത്വത്തിലാണ് കാനഡ സ്വർണ്ണം നേടിയത്.

ഇത്രയും മികച്ച താരങ്ങളും ലീഡേഴ്സും ഉൾപ്പെട്ട കനേഡിയൻ ടീമിനെ നയിക്കാൻ സാധിച്ചതിൽ തനിക്ക് അഭിമാനമുണ്ടെന്ന് ക്രോസ്ബി പറഞ്ഞു. മിലാനിൽ നടക്കുന്ന ഒളിംപിക്സിൽ ടീം കാനഡയ്ക്കായി മികച്ച നേതൃത്വം കാഴ്ചവെക്കുമെന്നും, മെപ്പിൾ ലീഫ് ജേഴ്സി ധരിക്കുന്നത് അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കൊളറാഡോ അവലാഞ്ചിന്റെ ഡിഫൻസ്മാൻ കാലെ മക്കർ, എഡ്മിന്റൻ ഓയിലേഴ്സിന്റെ കോണർ മക്ഡേവിഡ് എന്നിവർ ടീമിന്റെ അസിസ്റ്റന്റ് ക്യാപ്റ്റൻമാരായി പ്രവർത്തിക്കും.
