വൻകൂവർ : ബ്രിട്ടിഷ് കൊളംബിയയിലെ വയോജനങ്ങൾക്ക് ആശുപത്രി അന്തരീക്ഷത്തിന് പകരം വീടുകളിൽ തന്നെ ദീർഘകാല പരിചരണം ഉറപ്പാക്കുന്ന നൂതന പദ്ധതിയുമായി വൻകൂവർ കോസ്റ്റൽ ഹെൽത്ത് (VCH). ബിസിയിലെ വയോജനങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന വർധനയും ദീർഘകാല പരിചരണത്തിനായുള്ള നീണ്ട കാത്തിരിപ്പും പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. വലിയ കെയർ സെൻ്ററുകൾക്ക് പകരം സാധാരണ ജനവാസ മേഖലകളിലെ വീടുകൾ വാങ്ങി അവ ആധുനിക സൗകര്യങ്ങളോടെ മാറ്റം വരുത്തി പരിചരണ കേന്ദ്രങ്ങളാക്കാനാണ് പദ്ധതി. ഓരോ വീട്ടിലും പത്തുപേർക്ക് വീതം സ്വകാര്യ മുറികളും പങ്കിട്ട അടുക്കളയും താമസസ്ഥലവും ലഭ്യമാകും. 2026 വസന്തകാലത്തോടെ ആദ്യ മൂന്ന് വീടുകൾ തുറക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

ഗാർഹിക അന്തരീക്ഷത്തിൽ വയോജനങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസവും സന്തോഷവും നൽകാൻ ഈ മാതൃക സഹായിക്കുമെന്ന് ആരോഗ്യ മന്ത്രി ജോസി ഓസ്ബോൺ പറഞ്ഞു. പ്രത്യേകിച്ച് അൽഷിമേഴ്‌സ് പോലുള്ള രോഗബാധിതർക്ക് ഇത്തരം വീടുകൾ വലിയ ആശ്വാസമാകും. 2016-ന് ശേഷം ദീർഘകാല പരിചരണത്തിനായുള്ള കാത്തിരിപ്പ് പട്ടിക ഇരട്ടിയായി വർധിച്ച സാഹചര്യത്തിൽ ഈ നീക്കം സ്വാഗതാർഹമാണ്. ഇതുകൊണ്ടുമാത്രം നിലവിലെ പ്രതിസന്ധി പൂർണ്ണമായി പരിഹരിക്കാനാവില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 2029-ഓടെ ഇത്തരത്തിൽ 200 ബെഡുകൾ സജ്ജമാക്കാനാണ് വൻകൂവർ കോസ്റ്റൽ ഹെൽത്ത് പദ്ധതിയിടുന്നത്.
