കാൽഗറി : ലൈംഗിക അതിക്രമങ്ങൾക്കിരയായവർക്ക് തിരക്കേറിയ ആശുപത്രികളിൽ പോകാതെ തന്നെ സുരക്ഷിതമായി ചികിത്സയും നിയമസഹായവും ഉറപ്പാക്കുന്ന ആൽബർട്ടയുടെ പുതിയ പദ്ധതി ശ്രദ്ധേയമാകുന്നു. റെഡ് ഡീറിലെ ‘ട്രൂയന്റ് ഫാമിലി മെഡിക്കൽ സ്യൂട്ട്’ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പദ്ധതിയിലൂടെ നിലവിൽ 37 ശതമാനത്തോളം കേസുകൾ അത്യാഹിത വിഭാഗങ്ങളിൽ നിന്ന് ഈ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റാൻ സാധിച്ചതായി അധികൃതർ പറയുന്നു. ബഹളങ്ങളില്ലാത്ത ശാന്തമായ അന്തരീക്ഷവും രോഗിയുടെ സ്വകാര്യത ഉറപ്പാക്കുന്ന പ്രത്യേക പ്രവേശന കവാടവും ഇവിടെയുണ്ട്. നഴ്സുമാരും കൗൺസിലർമാരും ഉൾപ്പെടുന്ന ഈ കേന്ദ്രത്തിൽ ഫോറൻസിക് പരിശോധനയ്ക്കും ചികിത്സയ്ക്കുമുള്ള അത്യാധുനിക സൗകര്യങ്ങളും ലഭ്യമാണ്.

കാനഡയിൽ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ ‘വെർച്വൽ ഹോസ്പിറ്റൽ’ മാതൃകയാണിതെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. അതിക്രമത്തിന് ഇരയായവർക്ക് മാനസികമായ കരുത്ത് പകരാൻ നായ്ക്കളെ ഉപയോഗിച്ചുള്ള തെറാപ്പി, കൈകൊണ്ട് നിർമ്മിച്ച കമ്പിളി പുതപ്പുകൾ, ലഘുഭക്ഷണം തുടങ്ങിയ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. രോഗികൾക്ക് നൂറ് ശതമാനം സംതൃപ്തിയാണ് ഈ സംവിധാനത്തിലൂടെ ലഭിക്കുന്നതെന്ന് ആരോഗ്യ പ്രവർത്തകർ അവകാശപ്പെടുന്നു. റെഡ് ഡീർ റീജിനൽ ഹോസ്പിറ്റലിലെ ഡോക്ടർമാരുടെ മേൽനോട്ടത്തിലാണ് പ്രവർത്തനം നടക്കുന്നതെങ്കിലും, തിരക്കേറിയ ആശുപത്രികളിലെ ഭയപ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കാൻ സാധിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. വരും ദിവസങ്ങളിൽ ആൽബർട്ടയിലുടനീളം ഈ മാതൃക നടപ്പിലാക്കാനാണ് അധികൃതരുടെ തീരുമാനം.
