ടൊറന്റോ : പുതുതായി ഏർപ്പെടുത്തിയ വേക്കന്റ് യൂണിറ്റ് ടാക്സ് ഡിക്ലറേഷൻ നടപടികൾ ലഘൂകരിക്കുന്നതിനായി നഗരത്തിലുടനീളം ഹെൽപ്പ് ക്ലിനിക്കുകൾ ആരംഭിച്ച് ഹാമിൽട്ടൺ സിറ്റി. 2025-ൽ തങ്ങളുടെ ഉടമസ്ഥതയിലുള്ള വീടുകളിൽ ആളുകൾ താമസിച്ചിരുന്നോ അതോ ഒഴിഞ്ഞു കിടക്കുകയായിരുന്നോ എന്ന് ഏപ്രിൽ 15-നകം നഗരസഭയെ ഔദ്യോഗികമായി അറിയിക്കേണ്ടതുണ്ട്. വീടുകൾ വെറുതെ ഇട്ടിരിക്കുന്നവർക്ക് അധിക നികുതി ഏർപ്പെടുത്തുന്നതിലൂടെ കൂടുതൽ വീടുകൾ വാടകയ്ക്ക് ലഭ്യമാക്കുകയാണ് അധികൃതരുടെ ലക്ഷ്യം. ഈ നികുതിയിലൂടെ സമാഹരിക്കുന്ന തുക ഭവനരഹിതർക്കും സാധാരണക്കാർക്കും കുറഞ്ഞ നിരക്കിൽ വീടുകൾ നിർമ്മിച്ചു നൽകുന്ന പദ്ധതിക്കായി ഉപയോഗിക്കുമെന്ന് സിറ്റി വ്യക്തമാക്കി. നിക്ഷേപകർ വീടുകൾ വാങ്ങി ഒഴിഞ്ഞിടുന്ന പ്രവണത കുറയ്ക്കാനും ഭവനക്ഷാമത്തിന് പരിഹാരം കാണാനുമാണ് ഈ കർശന നടപടിയുമായി ഹാമിൽട്ടൺ സിറ്റി മുന്നോട്ട് പോകുന്നത്.

സ്വയം ഡിക്ലറേഷൻ നൽകാൻ പ്രയാസപ്പെടുന്ന വസ്തു ഉടമകൾക്ക് ഫെബ്രുവരിയിലെ വിവിധ ദിവസങ്ങളിൽ നഗരത്തിലെ കമ്മ്യൂണിറ്റി സെന്ററുകളിലും ലൈബ്രറികളിലും നേരിട്ടെത്തി സഹായം തേടാവുന്നതാണ്. സിറ്റിയിൽ നിന്നുള്ള നോട്ടിസോ അല്ലെങ്കിൽ പ്രോപ്പർട്ടി ടാക്സ് ബില്ലോ കൈവശം ഉണ്ടെങ്കിൽ ഉദ്യോഗസ്ഥർ മുഖേന നടപടികൾ വേഗത്തിൽ പൂർത്തിയാക്കാം. ഫെബ്രുവരി 9 മുതൽ 26 വരെ വിവിധ വാർഡുകളിലായി രാവിലെയും ഉച്ചയ്ക്കുശേഷവും ക്ലിനിക്കുകൾ പ്രവർത്തിക്കും.
