മിലാനോ കോർട്ടിന : 2026-ലെ ശീതകാല ഒളിംപിക്സിൽ മിക്സഡ് ഡബിൾസ് കേളിങ്ങിൽ മെഡലില്ലാതെ പോരാട്ടം അവസാനിപ്പിച്ച് കാനഡ. ഞായറാഴ്ച നടന്ന നിർണ്ണായക മത്സരത്തിൽ ദക്ഷിണ കൊറിയയോട് 9-5 ന് പരാജയപ്പെട്ടതോടെ കാനഡയുടെ ജോസെലിൻ പീറ്റർമാൻ – ബ്രെറ്റ് ഗാലന്റ് സഖ്യം സെമി ഫൈനൽ കാണാതെ പുറത്തായി. തുടർച്ചയായ അഞ്ചാം തോൽവിയോടെ കാനഡയുടെ റെക്കോർഡ് 3-5 ആയി താഴ്ന്നു. ഇതോടെ കഴിഞ്ഞ ഒളിംപിക്സിന് പിന്നാലെ ഇത്തവണയും ഈ വിഭാഗത്തിൽ കാനഡയ്ക്ക് മെഡൽ പട്ടികയിൽ ഇടംപിടിക്കാനായില്ല.

മത്സരക്കളത്തിലെ ഐസിൻ്റെ പ്രത്യേകതകളുമായി പൊരുത്തപ്പെടാൻ സാധിക്കാത്തതാണ് തോൽവിക്ക് പ്രധാന കാരണമായതെന്ന് മത്സരശേഷം ബ്രെറ്റ് ഗാലന്റ് പ്രതികരിച്ചു. മികച്ച പോരാട്ടം നടത്തിയെങ്കിലും പല അവസരങ്ങളിലും ഭാഗ്യം തുണച്ചില്ലെന്ന് പീറ്റർമാനും കൂട്ടിചേർത്തു. അതേസമയം, മിക്സഡ് ഡബിൾസിൽ ഗ്രേറ്റ് ബ്രിട്ടൻ, യുഎസ്, സ്വീഡൻ, ഇറ്റലി എന്നീ രാജ്യങ്ങൾ സെമി ഫൈനലിൽ പ്രവേശിച്ചു. തിങ്കളാഴ്ച സ്വിറ്റ്സർലൻഡിനെതിരെയാണ് കാനഡയുടെ അവസാന മത്സരം. വരും ദിവസങ്ങളിൽ നടക്കാനിരിക്കുന്ന പുരുഷ-വനിതാ വിഭാഗം മത്സരങ്ങളിൽ റേച്ചൽ ഹോമാനും ബ്രാഡ് ജേക്കബ്സും നയിക്കുന്ന ടീമുകളിലാണ് ഇനി കാനഡയുടെ ഏക പ്രതീക്ഷ.
