Monday, February 9, 2026

ഇന്ത്യ- കാനഡ ബന്ധം സാധാരണ നിലയിലേക്ക്; സുരക്ഷ മേഖലകളില്‍ സഹകരിക്കാന്‍ ധാരണ

ഓട്ടവ: കഴിഞ്ഞ രണ്ടുവര്‍ഷമായി നിലനിന്നിരുന്ന നയതന്ത്ര പ്രതിസന്ധികള്‍ക്ക് വിരാമമിട്ട് ഇന്ത്യയും കാനഡയും പുതിയ സഹകരണ കരാറുകളിലേക്ക് നീങ്ങുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കനേഡിയന്‍ സുരക്ഷാ ഉപദേഷ്ടാവ് നതാലി ഡ്രൂയിനും തമ്മില്‍ ശനിയാഴ്ച ഓട്ടവയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് സുരക്ഷാ-നിയമപാലന രംഗത്ത് സംയുക്തമായി പ്രവര്‍ത്തിക്കാന്‍ ധാരണയായത്. സൈബര്‍ സുരക്ഷ, ലഹരി മരുന്ന് കടത്ത് തടയല്‍, അന്താരാഷ്ട്ര ക്രിമിനല്‍ സംഘങ്ങളെ അടിച്ചമര്‍ത്തല്‍ തുടങ്ങിയ വിഷയങ്ങളില്‍ വിവരങ്ങള്‍ കൈമാറാന്‍ ഇരുരാജ്യങ്ങളും ലെയ്‌സണ്‍ ഓഫീസര്‍മാരെ നിയമിക്കും. കുടിയേറ്റം, സാമ്പത്തിക തട്ടിപ്പുകള്‍ എന്നിവ തടയുന്നതിനും പുതിയ സംവിധാനങ്ങള്‍ നിലവില്‍ വരും.

അതേസമയം ഇന്ത്യയും കാനഡയും തമ്മിലുള്ള പതിവ് ഉഭയകക്ഷി ചര്‍ച്ചകളുടെ ഭാഗമായിട്ടാണ് ഡോവല്‍ സന്ദര്‍ശനത്തിനെത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറുന്നതിനും കുടിയേറ്റവുമായി ബന്ധപ്പെട്ടുള്ള സഹകരണം എന്നിവയില്‍ ചര്‍ച്ചകള്‍ തുടരാനും ഇന്ത്യയും കാനഡയും ധാരണയിലെത്തി.

2023-ല്‍ ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്നത്തെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉന്നയിച്ച ആരോപണങ്ങളാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയത്. തുടര്‍ന്ന് നയതന്ത്ര പ്രതിനിധികളെ പുറത്താക്കുന്നതടക്കമുള്ള നടപടികളിലേക്ക് ഇരുപക്ഷവും നീങ്ങിയിരുന്നു. എന്നാല്‍ കാനഡയില്‍ ഭരണമാറ്റമുണ്ടാകുകയും മാര്‍ക്ക് കാര്‍ണി പുതിയ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുകയും ചെയ്തതോടെയാണ് ബന്ധം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!