കാൽഗറി: ആൽബർട്ടയിലെ ഭരണകക്ഷിയായ യു.സി.പി അംഗങ്ങൾക്കെതിരെ ജനകീയ പ്രതിഷേധം കടുക്കുന്നു. എം.എൽ.എമാരുടെ റീകോൾ ആവശ്യപ്പെട്ട് സംഘാടകർ ശനിയാഴ്ച പ്രവിശ്യാ വ്യാപകമായി ‘പ്രൊവിൻഷ്യൽ ഡേ ഓഫ് റീകോൾ’ സംഘടിപ്പിച്ചു.

കാൽഗറി-പീഗൻ എം.എൽ.എ ടാനിയ ഫിറിനെതിരെയാണ് പ്രധാനമായും പ്രതിഷേധം ഉയരുന്നത്. വർഷങ്ങളായിറൈഡിങ്ങിലെ ജനങ്ങളുടെ ആശങ്കകളോട് ഫിർ പ്രതികരിക്കുന്നില്ലെന്നും അധ്യാപക സമരത്തിലെ സർക്കാർ നിലപാട് ഉൾപ്പെടെയുള്ള നയങ്ങളെ അവർ പിന്തുണയ്ക്കുന്നുവെന്നും ഹർജിക്കാരായ ചെൽസി ബാർനോവിച്ചും ഹിലരി ഡങ്കനും ആരോപിക്കുന്നു. എം.എൽ.എയുടെ ഓഫിസ് എപ്പോഴും അടഞ്ഞു കിടക്കുകയാണെന്നും ഇ-മെയിലുകൾക്കും ഫോൺ കോളുകൾക്കും മറുപടി ലഭിക്കുന്നില്ലെന്നും അവർ പറഞ്ഞു. എന്നാൽ, താൻ മണ്ഡലത്തിലെ എല്ലാ ജനങ്ങളെയും സേവിക്കാൻ കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും ഇത്തരം ഹർജികൾ നിയമത്തെ ദുരുപയോഗം ചെയ്യാനുള്ള ആസൂത്രിത ശ്രമമാണെന്നുമാണ് ടാനിയ ഫിറിന്റെ പ്രതികരണം. അതേസമയം നിലവിൽ രണ്ട് എം.എൽ.എമാർക്കെതിരെയുള്ള ഹർജികൾ ആവശ്യമായ ഒപ്പുകൾ ശേഖരിക്കാനാകാതെ പരാജയപ്പെട്ടിട്ടുണ്ട്. എങ്കിലും ആയിരക്കണക്കിന് ആളുകൾ തങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്നും ജനങ്ങളുടെ ശബ്ദത്തിന് പ്രാധാന്യമുണ്ടെന്ന് ബോധ്യപ്പെടുത്താനായതു തന്നെ വലിയ വിജയമാണെന്നും സംഘാടകർ പറയുന്നു.
