എഡ്മിന്‍റൻ : ആൽബർട്ടയിലെ ഗ്രാൻഡ് പ്രയറിക്ക് സമീപം ബസ് മറിഞ്ഞ് മധ്യവയസ്‌ക മരിച്ചു. അപകടത്തിൽ 22 പേർക്ക് പരുക്കേറ്റതായി ആർസിഎംപി റിപ്പോർട്ട് ചെയ്തു. ഡെബോൾട്ട് പട്ടണത്തിൽ നിന്നും ഒരു കിലോമീറ്റർ അകലെ ഹൈവേ 43 ൽ ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. ഗ്രാൻഡ് പ്രയറി സ്വദേശിനി 50 വയസ്സുള്ള സ്ത്രീ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. ഗുരുതര പരുക്കുകളോ ആറു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിസാര പരുക്കുകളുള്ള 16 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിട്ടയച്ചു. മുതിർന്നവരും കുട്ടികളും ഉൾപ്പെടെ ബസിൽ 37 യാത്രക്കാരുണ്ടായിരുന്നു.

പ്രാഥമിക അന്വേഷണത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ബസ് മീഡിയനിൽ ഇടിച്ച ശേഷം മറിയുകയായിരുന്നുവെന്ന് ആർസിഎംപി അറിയിച്ചു. പ്രതികൂല കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. അന്വേഷണം പുരോഗമിക്കുന്നു.
