ഫ്രെഡറിക്ടൺ : ന്യൂബ്രൺസ്‌വിക്കിലെ വർധിച്ചുവരുന്ന ബജറ്റ് കമ്മി കുറയ്ക്കുന്നതിനായി കടുത്ത നടപടികളിലേക്ക് നീങ്ങി സൂസൻ ഹോൾട്ട് സർക്കാർ. ആരോഗ്യ മേഖലയെയും ജനങ്ങളുടെ ജീവിതച്ചെലവിനെയും ബാധിക്കാത്ത തരത്തിലുള്ള മാറ്റങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് പ്രീമിയർ സൂസൻ ഹോൾട്ട് വ്യക്തമാക്കി. മുൻപ് ലിബറൽ സർക്കാർ സമാനമായ സാഹചര്യത്തിൽ വിൽപ്പന നികുതി (HST) വർധിപ്പിച്ചിരുന്നുവെങ്കിലും, ഇത്തവണ നികുതി വർധിപ്പിക്കില്ലെന്ന് സർക്കാർ ഉറപ്പുനൽകുന്നു. പകരം റോഡ് അറ്റകുറ്റപ്പണികൾ കുറയ്ക്കുക, സർക്കാർ ഏജൻസികളെ ലയിപ്പിക്കുക തുടങ്ങിയ മാർഗ്ഗങ്ങളാണ് പരിഗണിക്കുന്നത്.

ഇതിന്റെ ഭാഗമായി ഏതൊക്കെ സേവനങ്ങളും പദ്ധതികളുമാണ് വെട്ടിക്കുറയ്ക്കേണ്ടതെന്ന കാര്യത്തിൽ സർക്കാർ പൊതുജനങ്ങളുടെ അഭിപ്രായം തേടി. സിവിൽ സർവീസ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുക, സർക്കാർ സേവനങ്ങളുടെ ഫീസ് വർധിപ്പിക്കുക, പുറത്തുനിന്നുള്ള വാഹനങ്ങൾക്ക് ഹൈവേ ടോൾ ഏർപ്പെടുത്തുക തുടങ്ങിയ നിർദ്ദേശങ്ങളാണ് ‘ഡിഫിക്കൽറ്റ് ഡിസിഷൻസ്’എന്ന ചർച്ചാ രേഖയിൽ സർക്കാർ മുന്നോട്ടുവെച്ചിട്ടുള്ളത്. ഏകദേശം 83.47 കോടി ഡോളറിന്റെ ബജറ്റ് കമ്മിയാണ് നിലവിൽ പ്രവിശ്യ നേരിടുന്നത്. പ്രവിശ്യയിൽ ടോൾ ഏർപ്പെടുത്തുന്നതും സേവനങ്ങൾ നിർത്തലാക്കുന്നതും രാഷ്ട്രീയമായി വലിയ വെല്ലുവിളികൾ ഉയർത്താൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
