തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങളെയും വർഗീയ പ്രചാരണങ്ങളെയും ശക്തമായി വിമർശിച്ചിരുന്ന ദേശാഭിമാനിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് റദ്ദാക്കി മെറ്റ (Meta). കേരളത്തോടുള്ള അവഗണനയും ബിജെപി-ആർഎസ്എസ് കടന്നാക്രമണങ്ങളും തുറന്നുകാട്ടുന്ന വാർത്തകളും വിശകലനങ്ങളും പങ്കുവെച്ചതിന് പിന്നാലെയാണ് നടപടി. അക്കൗണ്ട് തിരിച്ചുപിടിക്കാനായി അപ്പീൽ നൽകിയെങ്കിലും മെറ്റ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങൾ ഡിജിറ്റൽ ഇടങ്ങളിൽ ചർച്ചയാകുന്നത് തടയാനുള്ള ഏകപക്ഷീയമായ നീക്കമാണിതെന്ന് ദേശാഭിമാനി ആരോപിക്കുന്നു.

ദേശാഭിമാനിയെ കൂടാതെ, മോദി സർക്കാരിനെതിരെയും എപ്സ്റ്റീൻ ഫയൽസിനെക്കുറിച്ചും വാർത്തകൾ നൽകിയിരുന്ന ‘നോക്യാപ്പ്’ എന്ന ഓൺലൈൻ മാധ്യമത്തിന്റെ അക്കൗണ്ടും മെറ്റ ഡിസേബിൾ ചെയ്തിട്ടുണ്ട്. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് നേരെയുള്ള ഇത്തരം കടന്നുകയറ്റങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതാണെന്ന് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ജനകീയ വിഷയങ്ങൾ ഉയർത്തിക്കാട്ടുന്ന മാധ്യമങ്ങളുടെ നാവടക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന സംശയം ഐടി വിദഗ്ധരും മാധ്യമപ്രവർത്തകരും പങ്കുവെക്കുന്നു.
