ഓട്ടവ : കാനഡ റവന്യൂ ഏജൻസിയുടെ (സിആർഎ) ഭാഗത്തുനിന്നുണ്ടായ പിഴവുകൾ തിരുത്തിക്കിട്ടാൻ മാസങ്ങളായുള്ള കാത്തിരിപ്പിൽ നികുതിദായകർ. ഏജൻസിയുടെ തെറ്റായ കണക്കുകൂട്ടൽ മൂലം ലഭിച്ച 3,471 ഡോളർ പിഴ പലിശ സഹിതം വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഹാലിഫാക്സ് സ്വദേശിയായ നികുതിദായകൻ ആരോപിച്ചു. എന്നാൽ പരാതി നൽകി പത്ത് മാസം പിന്നിട്ടിട്ടും സിആർഎ ഇതിൽ നടപടിയെടുത്തിട്ടില്ല. ഡിസബിലിറ്റി ടാക്സ് ക്രെഡിറ്റ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കാനുള്ളവരും സമാനമായ കാലതാമസം നേരിടുന്നുണ്ട്. 2025-ലെ ടാക്സ് സീസൺ അടുത്തിരിക്കവേ ഏജൻസി പരിഹാരം കാണാത്തതിൽ കാനഡയിലുടനീളം പ്രതിഷേധം ശക്തമാണ്.

അതേസമയം, സിആർഎയിലെ ജീവനക്കാരുടെ കുറവാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് ടാക്സേഷൻ എംപ്ലോയീസ് യൂണിയൻ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ പതിനൊന്നായിരത്തോളം തസ്തികകളാണ് ഏജൻസി വെട്ടിക്കുറച്ചത്. നിലവിൽ പരാതികൾ തീർപ്പാക്കാൻ ആറ് മുതൽ പന്ത്രണ്ട് മാസം വരെ സമയമെടുക്കുമെന്ന് വെബ്‌സൈറ്റിലൂടെ ഏജൻസി മുന്നറിയിപ്പ് നൽകി. പ്രതിഷേധം ശക്തമായതിനെത്തുടർന്ന് അപ്പീൽ വിഭാഗത്തിലേക്ക് കൂടുതൽ ജീവനക്കാരെ നിയമിക്കാനുള്ള നടപടികൾ ആരംഭിച്ചതായും സിആർഎ വ്യക്തമാക്കി.
