ഓട്ടവ: കാനഡയും ചൈനയും തമ്മിൽ കാനോല ഓയിൽ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുടെ താരിഫ് കുറയ്ക്കാൻ ധാരണയിലെത്തിയതിന് പിന്നാലെ കാനഡയ്ക്ക് മേൽ അമേരിക്കൻ സമ്മർദ്ദം ശക്തമാകുന്നു. കാനഡ-യുഎസ്-മെക്സിക്കോ കരാർ (CUSMA) കാനഡ ലംഘിച്ചതായി ട്രംപ് ഭരണകൂടം ആരോപിച്ചിരുന്നു. എന്നാൽ കാനഡ കരാറുകളൊന്നും ലംഘിച്ചിട്ടില്ലെന്നും മറിച്ച് അമേരിക്കയാണ് അന്താരാഷ്ട്ര ചട്ടങ്ങൾ ലംഘിക്കുന്നതെന്നും പബ്ലിക് പോളിസി വിദഗ്ധൻ കാർലോ ഡേഡ് ബിഎൻഎൻ ബ്ലൂംബെർഗിനോട് വ്യക്തമാക്കി. വരാനിരിക്കുന്ന കരാർ പുനർനിശ്ചയിക്കലിന് മുന്നോടിയായി കാനഡയെ സമ്മർദ്ദത്തിലാക്കാനുള്ള തന്ത്രമാണ് അമേരിക്ക പയറ്റുന്നതെന്ന് അദ്ദേഹം വിലയിരുത്തി.

ചൈനയുമായി കാനഡ സമഗ്രമായ ഒരു സ്വതന്ത്ര വ്യാപാര കരാറിൽ ഏർപ്പെട്ടിട്ടില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിർദിഷ്ട മേഖലകളിൽ താരിഫ് ക്രമീകരിക്കുക മാത്രമാണ് ചെയ്തെന്നും ഇത് അന്താരാഷ്ട്ര വ്യാപാര നിയമപ്രകാരം കരാർ ലംഘനമായി കണക്കാക്കാൻ കഴിയില്ലെന്നും ഡേഡ് വിശദീകരിച്ചു. ലോക വ്യാപാര സംഘടനയുടെ (WTO) ചട്ടങ്ങൾക്കനുസൃതമായി ഏത് രാജ്യവുമായും വ്യാപാര ചർച്ചകൾ നടത്താൻ കാനഡയ്ക്ക് അവകാശമുണ്ടെന്ന് രാജ്യാന്തര വ്യാപാര നിയമജ്ഞൻ ലോറൻസ് ഹെർമൻ വ്യക്തമാക്കി. യുഎസിനും ചൈനയ്ക്കും എതിരെ കാനഡ ഏർപ്പെടുത്തിയ താരിഫുകൾ നിയമപരമായ പ്രതിരോധ നടപടികൾ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ സുരക്ഷാ ഇളവുകൾ മുൻനിർത്തി വ്യാപാര കമ്മി നികത്താൻ അമേരിക്ക മറ്റ് രാജ്യങ്ങൾക്ക് മേൽ ഏകപക്ഷീയമായി താരിഫ് വർധിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഹെർമൻ ചൂണ്ടിക്കാട്ടി. അമേരിക്കയുടെ ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ’ വഴി ആഭ്യന്തര ഉൽപ്പാദകർക്ക് നൽകുന്ന അനാവശ്യ മുൻഗണനകൾ ഡബ്ല്യുടിഒ കരാറുകൾക്ക് വിരുദ്ധമാണ്. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി തന്നെ നിയമങ്ങൾ ലംഘിക്കുമ്പോൾ ആഗോള വ്യാപാര ക്രമം തകരാൻ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
