ഹവാന: യു.എസ് ഉപരോധത്തിന് പിന്നാലെയുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ക്യൂബയിൽ വിമാന ഇന്ധനത്തിന് കടുത്തക്ഷാമം. ഫെബ്രുവരി 10 ചൊവ്വാഴ്ച മുതൽ മാർച്ച് 11 വരെ രാജ്യത്തെ വിമാനത്താവളങ്ങളിൽ ഇന്ധനവിതരണം ഉണ്ടായിരിക്കില്ലെന്ന് ക്യൂബൻ അധികൃതർ അന്താരാഷ്ട്ര വിമാനക്കമ്പനികൾക്ക് മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുന്ന കടുത്ത സാമ്പത്തിക സമ്മർദ്ദവും വെനസ്വേലയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിലച്ചതുമാണ് ക്യൂബയെ ഈ കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചത്. ക്യൂബയ്ക്ക് എണ്ണ നൽകുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത വ്യാപാര നികുതിചുമത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതോടെയാണ് എണ്ണ വിതരണം പ്രതിസന്ധിയിലായത്. ക്യൂബയുടെ പ്രധാന എണ്ണ വിതരണക്കാരായ വെനസ്വേലയിൽ നിന്നുള്ള ഇന്ധന വരവ് ഡിസംബർ പകുതിയോടെ നിലച്ചിരുന്നു. ക്യൂബയിലെ ഇന്ധന പ്രതിസന്ധി കണക്കിലെടുത്ത് രാജ്യത്ത് നേരത്തെ തന്നെ ഇന്ധന റേഷനിങ് നടപ്പിലാക്കിയിരുന്നു.

ഹവാനയിലെ ജോസ് മാർട്ടി വിമാനത്താവളം ഉൾപ്പെടെ ഒമ്പത് അന്താരാഷ്ട്ര വിമാനത്താവളങ്ങളെയും ഈ ക്ഷാമം ബാധിക്കും. വിമാനക്കമ്പനികൾ ഇനിമുതൽ ക്യൂബയിലേക്ക് വരുമ്പോൾ തിരിച്ചുപോകാനുള്ള ഇന്ധനം കൂടി കരുതേണ്ടി വരും. അല്ലെങ്കിൽ പനാമ, ബഹാമാസ്, ഡൊമിനിക്കൻ റിപ്പബ്ലിക് തുടങ്ങിയ അയൽരാജ്യങ്ങളിൽ നിന്നും ഇന്ധനം നിറയ്ക്കേണ്ടി വരും. പ്രധാന വിമാനക്കമ്പനികളൊന്നും സർവീസുകൾ റദ്ദാക്കിയിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ വിമാന നിരക്ക് വർധിക്കാനും വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റം വരാനും സാധ്യതയുണ്ട്. ഇന്ധനക്ഷാമം മൂലം ക്യൂബയിൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നത് പതിവായിരിക്കുകയാണ്. വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കാനുള്ള ക്യൂ കിലോമീറ്ററുകളോളം നീളുന്ന വരികളാണ് ദൃശ്യമാകുന്നത്. ജനജീവിതം സ്തംഭിച്ച ഈ സാഹചര്യത്തിൽ യുഎസ് ഭരണകൂടവുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ഡിയാസ് കനേൽ വ്യക്തമാക്കി.
