വാഷിങ്ടൺ : ചൊവ്വയിൽ മനുഷ്യവാസം തുടങ്ങുക എന്ന തന്റെ ദീർഘകാല ലക്ഷ്യത്തിന് മുൻപ്, ചന്ദ്രനിൽ സ്വയം വളരുന്ന നഗരം നിർമ്മിക്കുന്നതിനാണ് സ്പേസ് എക്സ് ഇപ്പോൾ മുൻഗണന നൽകുന്നതെന്ന് ഇലോൺ മസ്‌ക്. അടുത്ത അഞ്ച് മുതൽ ഏഴ് വർഷത്തിനുള്ളിൽ ചൊവ്വയിലേക്ക് യാത്ര നടത്താൻ പദ്ധതിയുണ്ടെങ്കിലും, മനുഷ്യനാഗരികതയുടെ സുരക്ഷ കണക്കിലെടുത്ത് ചന്ദ്രനിലെ ദൗത്യത്തിനാണ് വേഗതയേറിയ മുൻഗണന നൽകുന്നതെന്ന് അദ്ദേഹം എക്സിൽ വ്യക്തമാക്കി. 2027 മാർച്ചിൽ ചന്ദ്രനിൽ ആളില്ലാത്ത പേടകം ഇറക്കാനാണ് കമ്പനിയുടെ നിലവിലെ തീരുമാനം.

ചന്ദ്രനിൽ മനുഷ്യനെ എത്തിക്കാനുള്ള ചൈനയുമായുള്ള മത്സരവും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലെ പുതിയ മാറ്റങ്ങളുമാണ് മസ്‌കിന്റെ ഈ തീരുമാനത്തിന് പിന്നിൽ. ഐടി മേഖലയിലെ ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിനായി ബഹിരാകാശത്ത് ഡാറ്റാ സെന്ററുകൾ സ്ഥാപിക്കാനും സ്പേസ് എക്സിന് പദ്ധതിയുണ്ട്. ഇതോടൊപ്പം ടെസ്‌ലയുടെ കാർ ഉൽപ്പാദനം കുറച്ച് ഹ്യൂമനോയിഡ് റോബോട്ടുകളുടെ നിർമ്മാണത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. അമേരിക്കയുടെ ആർട്ടെമിസ് ദൗത്യത്തിലെ പ്രധാന പങ്കാളിയായ സ്പേസ് എക്സ്, സ്റ്റാർലിങ്ക് വഴിയുള്ള വരുമാനത്തിലൂടെയാണ് ഈ സ്വപ്ന പദ്ധതികൾക്ക് പണം കണ്ടെത്തുന്നത്.
